അനിൽ അരിക്കൊമ്പനല്ല, കുഴിയാന: സുധാകരൻ

Saturday 08 April 2023 7:19 PM IST

കോഴിക്കോട്: അരിക്കൊമ്പനെന്ന് വിചാരിച്ചാവും അനിൽ ആന്റണിയെ ബി.ജെ.പി പിടിച്ചതെന്നും അത് കുഴിയാനയാണെന്ന് കാണാൻ പോകുന്നതേയുള്ളൂവെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസിൽനിന്ന് ഇനിയും നേതാക്കൾ ബി.ജെ.പിയിലെത്തുമെന്ന അമിത് ഷായുടെ പ്രതീക്ഷ നല്ലതാണ്. പക്ഷെ, അമിത് ഷാ വിചാരിക്കുന്നതൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നതാണ് സത്യമെന്നും സുധാകരൻ പരിഹസിച്ചു. എ.കെ.ആന്റണിക്കെതിരായ സൈബർ ആക്രമണം ശ്രദ്ധയിൽപെട്ടിട്ടില്ല. ഉണ്ടെങ്കിൽ അത് അപലപനീയമാണ്. ആന്റണിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് പാർട്ടി വിരുദ്ധമാണ്. പാർട്ടിക്ക് വേണ്ടി ആന്റണി ചെയ്ത പ്രവർത്തനങ്ങൾ ആർക്കും മറക്കാൻ സാധിക്കില്ല. അദ്ദേഹത്തെ വില കുറച്ച് കാണിക്കാൻ ശ്രമിച്ചാൽ അതിനെ എതിർക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

തനിക്കെതിരായ എം.വി ജയരാജന്റെ പ്രസ്താവന വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതുപോലെയാണ്. ജയരാജനല്ല തന്റെ രാഷ്ട്രീയ ഗുരു. എലത്തൂർ ട്രെയിൻ ആക്രമണത്തിൽ പൊലീസ് അന്വേഷണത്തിൽ ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ട്. അലസമായ അന്വേഷണമാണ് പൊലീസിന്റേത്. മൃതദേഹം കണ്ടെത്തിയത് മൂന്ന് മണിക്കൂറിന് ശേഷമാണ്. ആക്രമണം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.