സമാധാനത്തിനായി യത്നിക്കണമെന്ന് മെത്രാൻ സമിതി

Saturday 08 April 2023 7:22 PM IST

കൊച്ചി: സമാധാനത്തിനായി യത്‌നിക്കാനും പരസ്പരം ആശംസിക്കാനുമാണ് ഉയിർപ്പുതിരുനാൾ ആവശ്യപ്പെടുന്നതെന്ന് കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വൈസ് പ്രസിഡന്റ് ബിഷപ്പ് പോളി കണ്ണൂക്കാടൻ, സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല എന്നിവർ ഈസ്റ്റർ ആശംസയിൽ പറഞ്ഞു.

ലോകസമാധാനം തകർക്കാൻ ശ്രമിക്കുന്ന സംഘങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ രാജ്യങ്ങളിലെയും പൗരന്മാർ ജാഗ്രത പുലർത്തണം. ഇന്ത്യ എന്നും ഉയർത്തിപ്പിടിക്കുന്ന സന്ദേശം ഐക്യവും അഖണ്ഡതയുമാണ്. ഇന്ത്യയുടെ വൈവിദ്ധ്യത്തെ ഇല്ലാതാക്കാനും ഐക്യം നഷ്ടപ്പെടുത്താനും വർഗീയ ധ്രുവീകരണത്തിന്റെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. അത്തരക്കാരിലേക്ക് സമാധാനത്തിന്റെയും ശാന്തിയുടെയും പ്രത്യാശയുടെയും സന്ദേശം എത്തിച്ചേരണമെന്ന് അവർ പറഞ്ഞു.