ബി.ജെ.പിയുടെ ഭവനസന്ദർശനം ഞെക്കിക്കൊല്ലാൻ: കെ. സുധാകരൻ

Saturday 08 April 2023 9:35 PM IST

തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിനംപ്രതി ക്രിസ്ത്യാനികൾക്കെതിരെ അക്രമം നടക്കുമ്പോൾ അതു മൂടിവച്ച് ഈസ്റ്റർ ദിനത്തിൽ ബി.ജെ.പിക്കാർ ക്രിസ്ത്യൻ വീടുകൾ സന്ദർശിക്കുന്നത് ധൃതരാഷ്ട്രാലിംഗനത്തിനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ആരോപിച്ചു.

ഹിന്ദുരാഷ്ട്രത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത സംഘപരിവാർ ശക്തികൾ ഞെക്കിക്കൊല്ലുന്നതിന് മുന്നോടിയായി നക്കിക്കൊല്ലാൻ ഇറങ്ങിയിരിക്കുകയാണ്. ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്‌റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ടു പിഞ്ചു മക്കളെയും തീയിട്ടു കൊന്നതും അധഃസ്ഥിതർക്കിടയിൽ അരനൂറ്റാണ്ടിലധികം പ്രവർത്തിച്ച സ്റ്റാൻ സ്വാമിയെ 84ാം വയസിൽ യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി ജയിലിലടച്ചു കൊന്നതും അഞ്ഞൂറോളം പേർ കൊല്ലപ്പെടുകയും 395 പള്ളികൾ തകർക്കുകയും ചെയ്ത ഒഡിഷയിലെ കാണ്ടമാൽ വർഗീയ ലഹളയും മറന്നിട്ടാണോ ഭവനസന്ദർശനത്തിനെത്തുന്നതെന്ന് ബി.ജെ.പി വ്യക്തമാക്കണം.

ക്രൈസ്തവർക്കുനേരെ നടക്കുന്ന അക്രമങ്ങൾ നിറുത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ സുപ്രീംകോടതിയിൽ നല്കിയ ഹർജിയിൽ എട്ട് സംസ്ഥാനങ്ങളോട് വിശദീകരണം തേടിയിരിക്കുകയാണ്. ഇതിലൊന്നും വ്യക്തതയില്ലാതെ ബി.ജെ.പി നടത്തുന്ന ഭവനസന്ദർശനം പ്രഹസനമാണെന്നും സുധാകരൻ പ്രസ്താവനയിൽ പറ‌ഞ്ഞു.