സ്കൂൾ പാചകത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നൽകും: മന്ത്രി
Sunday 09 April 2023 4:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ പാചകത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നൽകുന്നത് പരിഗണനയിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രായമായവരെ വെറും കൈയോടെ പറഞ്ഞുവിടില്ല. പാചകത്തൊഴിലാളികളുടെ വേതനവിതരണത്തിലുള്ള കാലതാമസത്തിന് ശ്വാശ്വത പരിഹാരം കാണുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര - സംസ്ഥാന ഫണ്ടിനത്തിൽ 147 കോടിരൂപ ശമ്പളത്തിനായി കൈമാറിയിട്ടുണ്ട്. ഇതിന്റെ വിതരണം ഉടൻ പൂർത്തിയാക്കും.
ശമ്പള വിതരണത്തിന് ഒരു വർഷത്തെ കേന്ദ്ര വിഹിതം 8.17 കോടിയും സംസ്ഥാനത്തിന്റേത് 161.83 കോടിയുമാണ്. പാചകത്തൊഴിലാളികൾക്ക് കേന്ദ്രം നിഷ്കർഷിക്കുന്ന പ്രതിമാസ വേതനം 1000 രൂപയാണ്. കേന്ദ്ര വിഹിതം അറുനൂറും സംസ്ഥാന വിഹിതം നാനൂറ് രൂപയുമാണ്. എന്നാൽ കേരളം പ്രതിദിനം നൽകുന്നത് 675 രൂപയാണെന്നും മന്ത്രി പറഞ്ഞു.