മഹിളാ കോൺഗ്രസിന് പിന്നാലെ കെ.എസ്.യുവിലും പൊട്ടിത്തെറി
ബൽറാമും ജയന്തും പ്രതിഷേധിച്ച് ചുമതലയൊഴിഞ്ഞു
തിരുവനന്തപുരം: മഹിളാ കോൺഗ്രസ് ഭാരവാഹിപ്പട്ടികയെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ കെ.എസ്.യു പട്ടികയെച്ചൊല്ലിയും വ്യാപക പരാതിയുയർന്നത് സംസ്ഥാന കോൺഗ്രസിനെ അസ്വസ്ഥമാക്കുന്നു.
കെ.എസ്.യു ഭാരവാഹിത്വ മാനദണ്ഡമാകെ ലംഘിച്ചുള്ള പട്ടിക സംസ്ഥാന നേതൃത്വത്തെ ഇരുട്ടിൽ നിറുത്തിയാണെന്ന് കെ.പി.സി.സി നേതൃത്വം ആക്ഷേപമുന്നയിച്ചു. കെ.എസ്.യുവിന്റെ സംഘടനാചുമതലയുള്ള കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമും ജനറൽസെക്രട്ടറി കെ. ജയന്തും പ്രതിഷേധിച്ച് ചുമതലയൊഴിഞ്ഞു. ഒഴിയുന്നതായി ഇരുവരും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അറിയിച്ചു.
ഏകപക്ഷീയമായി പട്ടിക പുറത്തിറക്കിയതിലുള്ള അതൃപ്തി കെ.പി.സി.സി പ്രസിഡന്റും ഹൈക്കമാൻഡിനെയും എൻ.എസ്.യു നേതൃത്വത്തെയും അറിയിച്ചു.
30 ജനറൽസെക്രട്ടറിമാരും 43 എക്സിക്യുട്ടീവംഗങ്ങളുമടക്കം 80 പേരടങ്ങുന്ന
ജംബോപട്ടികയാണ് ഇന്നലെ ഡൽഹിയിൽ ഹൈക്കമാൻഡ് പുറത്തിറക്കിയത്. ഇതിൽ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയെന്നാണ് പ്രധാന ആക്ഷേപം.
വിവാഹിതർ കെ.എസ്.യുവിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് ഒഴിവാകണമെന്ന വ്യവസ്ഥ ലംഘിച്ച് വിവാഹിതരെ പട്ടികയിലുൾപ്പെടുത്തി, പ്രായപരിധി മാനദണ്ഡം ലംഘിച്ചു, യൂത്ത് കോൺഗ്രസിന്റെ ഒരു ജില്ലാ ജനറൽസെക്രട്ടറിയെ വരെ പുതിയ എക്സിക്യുട്ടീവിൽ ഉൾപ്പെടുത്തി തുടങ്ങിയവയാണ് പരാതികൾ.
നേരത്തേ കെ.എസ്.യു സംസ്ഥാന നേതൃത്വം അഖിലേന്ത്യാ നേതൃത്വത്തിന് കൈമാറിയ കരട് പട്ടികയിൽ 45 പേരാണുള്ളത്. 25 പേരിൽ കൂടരുതെന്നത അഖിലേന്ത്യാ നേതൃത്വം ശഠിച്ചതോടെ കരട് പട്ടിക അനിശ്ചിതത്വത്തിലായി. ഇതിൽ അനക്കമില്ലാതെ തുടരുമ്പോഴാണ് സംസ്ഥാന നേതൃത്വം അറിയാതെ 80 അംഗ പട്ടിക ഇറക്കിയതെന്നാണ് ആക്ഷേപം. ഇതിൽ പ്രതിഷേധിച്ചാണ് വി.ടി. ബൽറാമും കെ. ജയന്തും ചുമതലയൊഴിഞ്ഞത്.
പുതിയ കെ.എസ്.യു ജില്ലാ പ്രസിഡന്റമാരുടെ പട്ടികയിൽ എ ഗ്രൂപ്പിന് അഞ്ച് ജില്ലകളുണ്ടെങ്കിലും എല്ലാ ജില്ലകളും യഥാർത്ഥ എ ഗ്രൂപ്പല്ലെന്നാണ് ആക്ഷേപം. ടി. സിദ്ദിഖ്, ഷാഫി പറമ്പിൽ തുടങ്ങിയ ഔദ്യോഗിക പക്ഷ നേതാക്കളുടെ അനുയായികളാണ് ഇതിലെത്തിയതെന്നാണ് പറയുന്നത്. രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിന് പറയാൻ കൊല്ലമേയുള്ളൂ. കെ.പി.സി.സി പ്രസിഡന്റിന് കണ്ണൂരും പ്രതിപക്ഷനേതാവിന് എറണാകുളവുമാണ് കിട്ടിയത്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ കെ.സി. വേണുഗോപാൽ അനുയായികളാണ്.
സംസ്ഥാന നേതൃതലത്തിൽ കൂടിയാലോചന നടത്താതെയാണ് മഹിളാ കോൺഗ്രസ് പട്ടിക ഇറക്കിയതെന്നാരോപിച്ചാണ് പത്ത് എം.പിമാർ കഴിഞ്ഞ ദിവസം ഹൈക്കമാൻഡിന് പരാതി നൽകിയത്. കെ.പി.സി.സി പ്രസിഡന്റ് പോലും അറിഞ്ഞില്ലെന്നാണ് പരാതി. പരാതിയുമായി ചില മഹിളാനേതാക്കളും രംഗത്തെത്തിയത് വിവാദത്തെ ചൂടുപിടിപ്പിച്ചു. എം.പിയായ ജെബി മേത്തർ അദ്ധ്യക്ഷയായി തുടരുന്നത് ഇരട്ടപ്പദവി പാടില്ലെന്ന ഉദയ്‌പൂർ ചിന്തൻ ശിബിരത്തിലെ തീരുമാനത്തിന്റെ ലംഘനമാണെന്ന് ആക്ഷേപമുണ്ട്. മഹിളാ കോൺഗ്രസിൽ ഇതുവരെയില്ലാത്ത 50 വയസ് പ്രായപരിധി നിബന്ധന കൊണ്ടുവന്നത് എന്തിനെന്ന ചോദ്യവുമുണ്ട്.