ഇ.വി. കോൺക്ലേവ് സീരീസ് 2023 തുടങ്ങി

Sunday 09 April 2023 2:40 AM IST

തിരുവനന്തപുരം: സ്റ്റേറ്റ് ഇലക്ട്രിക്ക് വെഹിക്കിൾസ് കൺസോർഷ്യം കോൺക്ലേവ് സീരീസ് 2023 ആരംഭിച്ചു. കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലും ഇ.വി കൺസോർഷ്യം പങ്കാളികളായ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്‌ട്‌സ് ലിമിറ്റഡ്, വിക്രം സാരാഭായ് സ്‌പേസ് സെന്റർ, സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, തിരുവനന്തപുരം എൻജിനീയറിംഗ് സയൻസ് ആൻ‌ഡ് ടെക്‌നോളജി റിസർച്ച് പാർക്ക് എന്നിവരും ചേർന്ന് ആണ് ഇ.വി. കോൺക്ലേവ് സീരീസ് നടത്തുന്നത്.

സുസ്ഥിര ഗതാഗതത്തിലേക്കുള്ള പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനും സംസ്ഥാനത്തെ ഇലക്ട്രിക് വെഹിക്കിൾ (ഇ.വി) ഉപ സംവിധാനങ്ങളുടെയും ഘടകങ്ങളുടെയും സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാരിനെ ഇ.വി കൺസോർഷ്യം പിന്തുണയ്ക്കുന്നു. 2050 ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനും സംസ്ഥാനത്ത് ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കാനുമാണ് ലക്ഷ്യം.

ലിഥിയം ടൈറ്റാനിയം ഓക്സയിഡ് ബാറ്ററികളും അവയുടെ ബാറ്ററി മാനേജ്മെന്റ് സംവിധാനവും എന്ന പരമ്പരയുടെ ആദ്യ ഏകദിന കോൺക്ലേവ് തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലിൽ നടന്നു. കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണന്റെ സാന്നിധ്യത്തിൽ വി.എസ്.എസ്.സി. ഡെപ്യൂട്ടി ഡയറക്ടർ (പി.സി.എം) ഡോ. എസ്. എ. ഇളങ്കോവൻ ഉദ്ഘാടനം ചെയ്തു.

കെൽട്രോൺ സി.എം.ഡി.എൻ. നാരായണമൂർത്തി, ടിടിപിഎൽ എംഡി ജോർജ്ജ് നൈനാൻ, ട്രെസ്റ്റ് റിസർച്ച് പാർക്ക് സി.ഇ.ഒ ഡോ. കോശി പി വൈദ്യൻ, വി. ചന്ദ്രശേഖർ, സീനിയർ ഡയറക്ടർ, പി.ഇ.ജി, സി-ഡാക്ക് എന്നിവർ പങ്കെടുത്തു.

സി-ഡാക്ക് വികസിപ്പിച്ചെടുത്ത തദ്ദേശീയമായ എൽ.ടി.ഒ- ബിഎംഎസിനെക്കുറിച്ചുള്ള ധവളപത്രത്തിന്റെ പ്രകാശനവും കെ-ഡിസ്ക്ന്റെ ധനസഹായത്തോടെ ടിടിപിഎല്ലിൽ സ്ഥാപിച്ച ബാറ്ററി മെറ്റീരിയൽ റിസർച്ച് സെന്ററിന്റെ (ബി.എം.ആർ.സി) അനാച്ഛാദനവും കോൺക്ലേവിൽ നടക്കുന്നു. വിവിധ സാങ്കേതിക വശങ്ങളെ കുറിച്ചും എൽ.ടി.ഒ ബാറ്ററിയിലെയും ഇ- മൊബിലിറ്റിയിലെയും തദ്ദേശീയ സാങ്കേതിക വികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ രാജ്യത്തുടനീളമുള്ള വ്യവസായ, ഗവേഷണ-വികസന കേന്ദ്രങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള വിദഗ്ദ്ധർ കോൺക്ലേവിൽ പങ്കെടുത്തു.