യുവാവ് മരിച്ച സംഭവം; സുഹൃത്തുക്കൾ അറസ്റ്റിൽ ദുരൂഹതയെന്ന് കുടുംബം

Sunday 09 April 2023 12:46 AM IST

മലയിൻകീഴ് : കൂട്ടുകാർക്കൊപ്പം പുറത്തുപോയ യുവാവിനെ കരമനയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേരെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു.പെരുകാവ് പാവച്ചക്കുഴി ഓണയം പാട് വീട്ടിൽ എം.പ്രവീൺ(39),പെരുകാവ് തൈവിള തുറവൂർ കുളത്തിൻകര വീട്ടിൽ ശ്രീജിത്ത്(38)എന്നിവരാണ് അറസ്റ്റിലായത്. വിളവൂർക്കൽ പെരുകാവ് തൈവിള തുറവൂർ കുളത്തിൻകര ഗംഗാ സദനത്തിൽ പ്രശാന്ത്കുമാറിന്റെ(32) മൃതദേഹമാണ് ഇക്കഴിഞ്ഞ 6ന് പെരുകാവ് ശാസ്താ ക്ഷേത്രത്തിന് സമീപം ആറ്റിൽ കണ്ടെത്തിയത്. സംഭവം നടന്ന വിവരം മറച്ചുവയ്ക്കുകയും പ്രശാന്ത് ധരിച്ചിരുന്ന മുണ്ട് ശ്രീജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയതുമാണ് ഇരുവരെയും പിടികൂടാൻ കാരണമെന്ന് മലയിൻകീഴ് സി.ഐ.ടി.വി.ഷിബു പറഞ്ഞു. പ്രശാന്ത് പുഴയിൽ മുങ്ങി താഴുന്നത് കണ്ടിട്ടും രക്ഷപ്പെടുത്താനോ മറ്റുള്ളവരെ അറിയിക്കുകയോ സഹായം തേടുകയോ ഇവർ ചെയ്തില്ല. ഇതു സംബന്ധിച്ച് മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറും പ്രശാന്തിന്റേത് മുങ്ങി മരണം തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ടെന്നും സി.ഐ പറഞ്ഞു. മൂന്നു പേരും മദ്യപിച്ച ശേഷം വെള്ളത്തിലിറങ്ങി കുളിക്കുന്നതിനിടെ അബദ്ധത്തിൽ അപകടത്തിൽ പെട്ടതാകാമെന്നാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ പ്രശാന്ത് മദ്യപിക്കുമെങ്കിലും നീന്തൽ അറിയില്ലെന്നും അതിനാൽ പ്രശാന്ത് ഒരിക്കലും വെള്ളത്തിൽ ഇറങ്ങില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും പ്രശാന്തിന്റെ പിതാവ് ഗംഗാധരൻ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വെൽഡറായ പ്രശാന്ത് വീട്ടിൽ നിന്നു പോകുന്നത്. വ്യാഴാഴ്ച വൈകിട്ട് ആറ്റിൽ മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കാണുന്നത്.ഇവ‌ർ പേടിച്ച് നിലവിളിച്ച് വിവരം നാട്ടുകാരെ അറിയിച്ചു. തുടർന്നാണ് പൊലീസെത്തുന്നത്.അറസ്റ്റിലായ ശ്രീജിത്ത്,പ്രവീൺ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

( അടിക്കുറിപ്പ്.....അറസ്റ്റിലായ പ്രവീൺ(39),ശ്രീജിത്ത് (38),മരിച്ച പ്രശാന്ത്കുമാർ(32)