നിയന്ത്രണംവിട്ട് സാധനവില ,​ പച്ചക്കറിയും പലവ്യഞ്ജനവും ഇരട്ടി വിലയിലേക്ക്

Sunday 09 April 2023 4:57 AM IST

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണംവിട്ട് കുതിച്ചതോടെ, പൊള്ളുന്ന വേനലിൽ വിയർക്കുന്ന ജനങ്ങൾ ശരിക്കും വറചട്ടിയിലായി. പച്ചക്കറികളുടെയും പലവ്യഞ്ജനത്തിന്റെയും വില ഒരു മാസത്തിനിടെ 30 ശതമാനത്തിലേറെയാണ് ഉയർന്നത്. റംസാനും വിഷുവും ആഘോഷിക്കാൻ കാത്തിരിക്കുന്ന മലയാളികളുടെ ജീവിത ബഡ്ജറ്റ് തകിടംമറിഞ്ഞു. കിലോഗ്രാമിന് കഴിഞ്ഞമാസം 30 രൂപയായിരുന്ന പച്ചമുളകിന് 60 രൂപയായി. വറ്റൽമുളക് 220ൽനിന്ന് 280 ആയി. കറിക്ക് ചുവപ്പുനിറം കൂടുതൽ കിട്ടാനുപയോഗിക്കുന്ന കാശ്മീരി മുളക് (കെ.ഡി.എൽ) കിലോഗ്രാമിന് 800 രൂപയാണ് വില. കഴിഞ്ഞ മാസം 600 രൂപയായിരുന്നു. 50 മുതൽ 60 രൂപ വരെ ആയിരുന്ന ഇഞ്ചിക്ക് ഇന്നലെ ചാല മാർക്കറ്റിലെ മൊത്തവില 120 രൂപയാണ്. അരിവിലയിൽ മാത്രമാണ് ആശ്വാസമുള്ളത്.

സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയുള്ള വിപണി ഇടപെടൽ ഫലപ്രദമാകാത്തതാണ് പലവ്യഞ്ജന വില വർദ്ധിക്കാൻ കാരണമായതെന്നാണ് സൂചന. സപ്ലൈകോ വിപണന കേന്ദ്രങ്ങളിൽ ആവശ്യത്തിന് സാധനങ്ങളില്ല. വിലക്കുറവ് പ്രതീക്ഷിച്ച് ഇവിടെ എത്തുന്നവർ നിരാശയോടെ മടങ്ങുകയാണ്. ആന്ധ്രയിൽ നിന്ന് അവിടത്തെ സർക്കാർ മുഖേന അഞ്ചിനം പലവ്യ‌ഞ്ജനം എത്തിക്കാനുള്ള സപ്ലൈകോ ശ്രമം വിജയം കണ്ടില്ല.

കൊവിഡ് കാലത്ത് വീട്ടുവളപ്പിലും മട്ടുപ്പാവിലുമൊക്കെ വ്യാപകമായി പച്ചക്കറി കൃഷി ചെയ്തിരുന്നു. ഇപ്പോഴതെല്ലാം നിലച്ച മട്ടാണ്. 'ഞങ്ങളും കൃഷിയിലേക്ക് ' പോലുള്ള പദ്ധതികൾ കൃഷിവകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ലക്ഷ്യത്തിൽ എത്തുന്നില്ല. കർണാടകം,​ തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് പച്ചക്കറി കൂടുതലായി എത്തുന്നത്. വേനൽ കടുത്തതോടെ അവിടെ ഉത്പാദനം കുറഞ്ഞതാണ് വില വർദ്ധനവിന് കാരണമായതെന്നാണ് ചില വ്യാപാരികൾ പറയുന്നത്. ഇങ്ങനെ പോയാൽ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനാവാത്ത സ്ഥിതി വരുമെന്ന് ചില്ലറ വ്യാപാരികളും പറയുന്നു.

ഇനം---- വില കഴിഞ്ഞ മാസം----വില ഇപ്പോൾ

പയർ--------- 120 -------------------------145

വറ്റൽ മുളക്-- 220------------------- 280

പരിപ്പ്--------125--------------------- 135

ഉഴുന്ന്------100-------------------121

ഇഞ്ചി--------60---------------- 120

ബീൻസ്-----40---------------------100

കത്തിരിക്ക----27---------------65

പച്ചമുളക്----- 30--------------60

പടവലം--------- 20---------------50

വഴുതനങ്ങ-----25------------- 48

വലിയചേമ്പ്---- 50-----------100

വലിയ നാരങ്ങ--- 45-------120

ചെറുനാരങ്ങ------70--------110

വള്ളിപ്പയർ----------42---------- 68

പാവയ്ക്ക-----------------40----------60

വറ്റൽ മുളക് വില

2021 ഏപ്രിൽ ₹140

2022 മാർച്ച് ₹200

2022 ആഗസ്റ്റ് ₹250

2022 ഒക്ടോബർ ₹ 270

2022 നവംബർ ₹345

2022 ഡിസംബർ ₹305

2023 മാർച്ച് 220

2023 ഏപ്രിൽ 290

വിലക്കയറ്റം 6 കാരണങ്ങൾ

1. വിപണി ഇടപെടലിന് ഈ വർഷം തുക അനുവദിച്ചിട്ടില്ല

2. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ മിക്കതിലും അവശ്യസാധനങ്ങളില്ല.

3. ആന്ധ്രയിൽ നിന്ന് അഞ്ചിനം പലവ്യ‌ഞ്ജനം എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല

4.പ്രദേശിക കൃഷി കുറഞ്ഞത് പച്ചക്കറിയുടെ വില കുതിക്കാൻ കാരണമായി

5.ഞങ്ങളും കൃഷിയിലേക്ക് -പോലുള്ള പദ്ധതികൾ ലക്ഷ്യത്തിലെത്തിയില്ല

6. കർണ്ണാടകത്തിലും തമിഴ്നാട്ടിലും വേനൽമൂലം പച്ചക്കറി ഉത്പാദനം കുറഞ്ഞു

''വിഷു - റംസാൻ ചന്തകൾ 12 മുതൽ തുറക്കുന്നതോടെ അവശ്യസാധനങ്ങളുടെ വില കുറയും. സപ്ലൈകോ വിപണന കേന്ദ്രങ്ങളിൽ കൂടുതൽ സാധനങ്ങൾ എത്തിക്കാനായി ടെൻഡർ ക്ഷണിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലായിടത്തും കൂടുതൽ കൗണ്ടറുകൾ തുറക്കും. ബിരിയാണി അരി ഉൾപ്പെടെ വില കുറച്ചു നൽകും.

-ജി.ആർ.അനിൽ,

ഭക്ഷ്യമന്ത്രി