കെട്ടിട പെർമിറ്റ് ഫീസ് വർദ്ധന, 1200 ചതുരശ്ര അടി വീടിന് ഇന്ന് 712 രൂപ,​ നാളെ 13,​530

Sunday 09 April 2023 4:03 AM IST

 19 മടങ്ങ് വർദ്ധന

തിരുവനന്തപുരം: കെട്ടിട പെർമിറ്റ് ഫീസും അപേക്ഷാ ഫീസും സർക്കാർ കുത്തനെ കൂട്ടിയതിൽ പ്രതിഷേധം ശക്തമായിരിക്കെ,​ ഉയർന്ന നിരക്ക് നാളെ നിലവിൽ വരും.

1614 ചതുരശ്ര അടി (150 ചതുരശ്ര മീറ്റർ )​ വരെ ഇത്രയുംകാലം ചെറുകിട നിർമ്മാണത്തിന്റെ പരിധിയിലായിരുന്നെങ്കിൽ, ഇനി മുതൽ 860.8 ചതുരശ്ര അടിവരെയുള്ള (80 ചതുരശ്ര മീറ്റർ)കെട്ടിടങ്ങൾക്ക് മാത്രമേ ആ പരിഗണന കിട്ടൂ. ഇതോടെ സാധാരണക്കാരും നിരക്ക് വർദ്ധനയുടെ പരിധിയിലായി. (ഒരു ച. മീറ്റർ = 10.76 ച.അടി )​

നഗരങ്ങളിൽ 1614ചതുരശ്ര അടി (150 ചതുരശ്ര മീറ്റർ) വരെ താമസത്തിനുള്ള കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസ് ഒരു ചതുരശ്ര മീറ്ററിന് അഞ്ച് രൂപയായിരുന്നത് പുതിയ നിരക്ക് പ്രകാരം 860.8 ചതുരശ്ര അടി വരെ 15രൂപയും അതിന് മുകളിൽ 1614 വരെ 100രൂപയുമാണ്. 3228 ചതുരശ്ര അടി (300 ചതുരശ്ര മീറ്റർ ) വരെ 150രൂപയും അതിന് മുകളിൽ 200രൂപയുമാണ് പുതുക്കിയ ഫീസ്.

1200 ചതുരശ്ര അടി വീടാണ് നഗരങ്ങളിൽ സാധാരണക്കാർ പണിയുന്നത്. ഇതിന് ഇന്ന് വരെ പെർമിറ്റ് ഫീസ് (സർവീസ് ചാർജും സെയിൽസ് ടാക്സും ഉൾപ്പെടെ) 712രൂപയായിരുന്നു. നാളെ മുതൽ 13,​530രൂപ നൽകണം. 19 മടങ്ങാണ് വർദ്ധന.

മുനിസിപ്പാലിറ്റിയിൽ

860.8 ചതുരശ്ര അടി വരെ 10രൂപ

അതിന് മുകളിൽ 1614 വരെ 70 രൂപ

അതിന് മുകളിൽ 3228 വരെ 120രൂപ

അതിന് മുകളിൽ 200രൂപ

പഞ്ചായത്ത്

860.8 ച. അടി വരെ 7രൂപ

അതിന് മുകളിൽ 1614 വരെ 50രൂപ

അതിന് മുകളിൽ 3228 വരെ 100രൂപ

അതിന് മുകളിൽ150രൂപ

1200 ച. അടി വീടിന്റെ പെർമിറ്റ് ചെലവ്

(ഏകദേശം 120 ച.മീ )

പഴയ നിരക്ക്

കെട്ടിട പെർമിറ്റ് ഫീസ്...........600

(ചതുരശ്ര മീറ്ററിന് 5 രൂപ നിരക്കിൽ 120 x 5)

സർവീസ് ചാർജ്............30

(പെർമിറ്റ് ഫീസിന്റെ 5%)

സെയിൽസ് ടാക്‌സ്......31.5

(പെർമിറ്റ് ഫീസിന്റെയും സെയിൽ ടാക്സിന്റെയും 5%)

അപേക്ഷാ ഫീസ്............50

ആകെ 712 രൂപ

പുതിയ നിരക്ക്

കെട്ടിട പെർമിറ്റ് ഫീസ്......12,​000

(ചതുരശ്ര മീറ്ററിന് 100 രൂപ നിരക്കിൽ 120 x 100)

സർവീസ് ചാർജ്............600

(പെർമിറ്റ് ഫീസിന്റെ 5%)

സെയിൽസ് ടാക്‌സ്.......630

(പെർമിറ്റ് ഫീസിന്റെയും സെയിൽ ടാക്സിന്റെയും 5%)

അപേക്ഷാ ഫീസ്............... 300

ആകെ 13,​530 രൂപ

സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്ന നികുതികൊള്ളയാണിത്. ഇതു പിൻവലിക്കണം.'

- വി.ഡി.സതീശൻ,

പ്രതിപക്ഷ നേതാവ്