വയനാട് ടണൽ റോഡിന് കേന്ദ്ര പരിസ്ഥിതി അനുമതി

Sunday 09 April 2023 4:06 AM IST

 ഒന്നര മണിക്കൂർ യാത്ര 15 മിനിട്ടാവും

 ദൂരം 54 കി. മീറ്ററിൽ നിന്ന് 10 ആയി കുറയും

 കേരളത്തിലെ നീളമേറിയ ഇരട്ട ടണൽ റോഡ് - 6.8 കിലോ മീറ്റർ

 കുതിരാൻ ഇരട്ട ടണലിന്റെ നീളം 962 മീറ്റർ

കൽപ്പറ്റ: വയനാട് ചുരത്തിന് ബദലായി കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന 6.8 കിലോമീറ്റർ ടണൽ റോഡിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി. ഇരട്ട ടണലുകളിൽ നാലുവരി പാതയാണ് നിർമ്മിക്കുക. ആയിരം കോടി രൂപ ടണലുകൾക്കായി ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ആനക്കാംപൊയിൽ മുതൽ വയനാട് ജില്ലയിലെ കള്ളാടി വരെയാണ് ടണൽ. തിരുവമ്പാടി - കള്ളാടി 54 കിലോമീറ്ററാണ്. യാത്രയ്ക്ക് ഒന്നര മണിക്കൂർ വേണം. ടണൽ റോഡ് വരുമ്പോൾ ദൂരം പത്ത് കിലോമീറ്ററായും യാത്രാസമയം 15 മിനിട്ടായും കുറയും.

ഇതോടെ വയനാട്-കോഴിക്കോട് യാത്രയും ബംഗളൂരു-മൈസൂർ യാത്രയും എളുപ്പമാകും. തിരുവമ്പാടിയിൽ നിന്ന് ദേശീയ പാതയിലേക്ക് നിലവിൽ 75 കിലോമീറ്ററോളം സഞ്ചരിക്കണം. അത് 30 കിലോമീറ്ററായി കുറയും. മലബാറിന്റെ വികസനത്തിൽ നിർണ്ണായകമാകുന്ന ടണൽ റോഡ് സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയിൽ 2021ലാണ് മുഖ്യമന്ത്രി പിണറായി വിജയൻപ്രഖ്യാപിച്ചത്. മൂന്നുവർഷംകൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. സർക്കാരിന്റെ പരിസ്ഥിതി ആഘാത പഠനം ജൂലായിൽ പൂർത്തിയാവും. ഇതിന് ശേഷം ടണലിന്റെ പ്രവൃത്തി ആരംഭിക്കും.

കള്ളാടിയിൽ നിന്ന് മേപ്പാടി വരെ 9 കിലോമീറ്റർ ദൂരം രണ്ടുവരി പാതയാണ് നിർമ്മിക്കുക. ടണൽ റോഡിന് ഉപയോഗിക്കുന്ന വനൂമിക്കു പകരം 17.263 ഹെക്ടറിൽ വനം വച്ചു പിടിപ്പിക്കണമെന്ന് പരിസ്ഥിതി മന്ത്രാലയം നിർദ്ദേശിച്ചു. സൗത്ത് വയനാട് ഡിവിഷനിലെ ചുള്ളിക്കാട്, കൊള്ളിവയൽ, മടപ്പറമ്പ്, മണൽവയൽ വില്ലേജുകളിൽ വനം വകുപ്പ് ഏറ്റെടുത്ത ഭൂമിയിൽ ഈ പ്രവർത്തനം നടക്കും.

മുഖ്യമന്ത്രി നേരിട്ട് പരിശോധിക്കുന്ന 30 പദ്ധതികളിൽ ഒന്നാണ് വയനാട് ടണൽ റോഡ്. മൂന്നു മാസത്തിലൊരിക്കൽ നടക്കുന്ന റിവ്യൂ മീറ്റിംഗിന്റെ ഭാഗമായാണ് പ്രവൃത്തി പുരോഗതി വേഗത്തിലാക്കുന്നത്. ഡംപിംഗ് യാർഡ്, സ്വകാര്യ ഭൂമി എന്നിവയുടെ സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുകയാണ്. മേപ്പാടി കോട്ടപ്പടി വില്ലേജിൽ വിവിധ സർവേ നമ്പറുകളിലായി 4.82 ഹെക്ടർ ഭൂമി ഏറ്റെടുക്കും.