ഐ.ടി വിജ്ഞാപനത്തെ വിമർശിച്ച് കോൺഗ്രസ്

Saturday 08 April 2023 10:10 PM IST

ന്യൂഡൽഹി:ഐ.ടി ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിജ്ഞാപനമിറക്കിയ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, മീഡിയ ഹൗസുകൾ, പ്രസ് കൗൺസിൽ തുടങ്ങിയ എല്ലാവരും ഈ നിയമങ്ങൾക്ക് എതിരാണെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ ആന്റ് ഡിജിറ്റൽ പ്ലാറ്റ്ഫോംസ് ചെയർപെഴ്സൺ സുപ്രിയ ശ്രീനേറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ട്വിറ്റർ, ഫേസ്ബുക്ക്, യുട്യൂബ്, വാട്ട്സ്ആപ്പ് എന്നിവയിൽ നിന്ന് അസൗകര്യം സൃഷ്ടിക്കുന്ന എല്ലാ വാർത്തകളും നീക്കം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് അവർ പറഞ്ഞു. പുതിയ നിയമത്തിൽ ജുഡിഷ്യൽ മേൽനോട്ടമോ അപ്പീൽ നൽകാനുള്ള അവകാശമോ ഇല്ല. സ്വതന്ത്ര ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉണ്ടാകുന്ന അസുഖകരമായ ഓരോ ചോദ്യത്തെയും അടിച്ചമർത്താനാണ് മോദി സർക്കാർ ആഗ്രഹിക്കുന്നത്. അദാനി സംഭവം, ചൈനീസ് അധിനിവേശം, വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകരുടെ ദുരവസ്ഥ, വരുമാനത്തിലെ അസമത്വം തുടങ്ങിയ വിഷയങ്ങളിലെ അസുഖകരമായ ചോദ്യങ്ങൾ അടിച്ചമർത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്. കേന്ദ്രസർക്കാരിനെതിരായ വ്യാജ വാർത്തകൾ സർക്കാരിന്റെ ഒരു യൂണിറ്റ് പരിശോധിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നത് വിചിത്രമാണ്. ഈ വിജ്ഞാപനം ഭരണഘടന, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയെ ലംഘിക്കുന്നു. മാതൃനിയമായ 2000 ലെ ഐ.ടി നിയമത്തിന്റെ ലംഘനമാണ് ഈ വിജ്ഞാപനം. അവർ ആരോപിച്ചു.