കിടപ്പിലായി ആശ്വാസകിരണം, ഒന്നരവർഷമായി പെൻഷനില്ല

Sunday 09 April 2023 12:00 AM IST

കണ്ണൂർ: കിടപ്പു രോഗികളെയും ഭിന്നശേഷിക്കാരെയും മറ്റു ഗുരുതര രോഗമുള്ളവരെയും രാപകൽ പരിചരിക്കുന്നവർക്ക് ആശ്വാസകിരണം പദ്ധതി പ്രകാരമുള്ള പെൻഷൻ ഈ വിഷുവിനും കിട്ടില്ല. ഇതു മുടങ്ങിയിട്ട് ഒന്നരവർഷമാവുന്നു. പാവപ്പെട്ടവരിൽ പാവപ്പെട്ടവരാണ് ഈ സേവനം ചെയ്യുന്നത്. മറ്റു സാമൂഹ്യസുരക്ഷാ പെൻഷനുകൾ കുടിശ്ശിക അടക്കം തിങ്കളാഴ്ച മുതൽ വിതരണം ചെയ്യാനിരിക്കേയാണ് ഇവരോട് ഈ അവഗണന.

സാമ്പത്തിക പ്രതിസന്ധി കാരണമാണ് പെൻഷൻ മുടങ്ങുന്നതെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച മറുപടിയിൽ സർക്കാർ പറയുന്നു.

2010ൽ പദ്ധതി തുടങ്ങുമ്പോൾ 250 രൂപയായിരുന്നു പെൻഷൻ. അഞ്ച് വർഷം കഴിഞ്ഞ് 600 രൂപയായി വ‌ർദ്ധിപ്പിച്ചു. മറ്റു ക്ഷേമ പെൻഷനുകൾ പ്രതിമാസം 1200 രൂപയാക്കിയെങ്കിലും ഇവരെ പരിഗണിക്കുന്നില്ല.

ഗുണഭോക്താക്കൾ

38,201

കുടിശ്ശിക

44 കോടി

തനതു ഫണ്ട് ഇല്ല

സർക്കാരിന്റെ തനതു ഫണ്ട് ഉപയോഗിച്ചാണ് പെൻഷൻ നൽകേണ്ടത്. ഫണ്ടില്ലാത്തതിനാൽ പുതിയ കാൽലക്ഷത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്.

ശിശുവികസന ഓഫീസർ മുഖേന നൽകുന്ന അപേക്ഷ അങ്കണവാടി സൂപ്പർവൈസർ ഫീൽഡ് പരിശോധന നടത്തിയ ശേഷമാണ് സാമൂഹിക സുരക്ഷാ മിഷന് സമർപ്പിക്കുന്നത്. ഇങ്ങനെ അംഗീകരിച്ച അപേക്ഷകളാണ് ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടി നിഷേധിക്കുന്നത്.

ആശ്വാസ കിരണം

വി. എസ്. സർക്കാരിന്റെ കാലത്ത് കാസർകോട്ടെ എൻഡോസൾഫാൻ രോഗികൾക്കായാണ് പദ്ധതി തുടങ്ങിയത്. അർബുദ രോഗികൾ, പക്ഷാഘാതം ഉൾപ്പടെയുള്ള നാഡീരോഗങ്ങൾ, കിടപ്പു രോഗികൾ, ശാരീരിക മാനസിക വൈകല്യമുള്ളവർ, പ്രായാധിക്യം മൂലം കിടപ്പിലായവർ, അന്ധത ബാധിച്ചവർ എന്നിവരെ പരിചരിക്കുന്നവരാണ് ഗുണഭോക്താക്കൾ.

നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റും നിവേദനം നൽകിയിട്ടുണ്ട്

- രാജീവ് പള്ളുരുത്തി, ജന. സെക്രട്ടറി,

ആൾ കേരള വീൽ ചെയർ

റൈറ്റ്സ് ഫെഡറേഷൻ