ഇമ്മ്യൂണോ ഗ്ലോബുലിൻ ക്ഷാമം , പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ ജനത്തിന്റെ നെട്ടോട്ടം

Sunday 09 April 2023 12:00 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുള്ള ഇമ്മ്യൂണോ ഗ്ലോബുലിൻ മെഡിക്കൽ കോളജുകളിലടക്കം ആശുപത്രികളിൽ കിട്ടാനില്ല. ഇതോടെ പട്ടിയുടെയും പൂച്ചയുടെയും കടിയേറ്റ് എത്തുന്നവർ കുത്തിവയ്പ്പ് എടുക്കാനാകാതെ ആശുപത്രികൾ കയറിയിറങ്ങുകയാണ്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് (കെ.എം.എസ്.സി.എൽ) മരുന്ന് ലഭ്യമാക്കേണ്ട ചുമതല. ടെൻഡറിലുണ്ടായ പാളിച്ചയാണ് ഇമ്മ്യൂണോ ഗ്ലോബുലിൻ ക്ഷാമത്തിന് കാരണമെന്നാണ് വിവരം.

കഴിഞ്ഞദിവസം തിരുവനന്തപുരം പാറശ്ശാലയിൽ പട്ടിയുടെ കടിയേറ്റ കുട്ടിക്ക് നൽകാൻ താലൂക്ക് ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജിലും ഒരു ദിവസം മുഴുവൻ കയറിയിറങ്ങിയിട്ടും ഇമ്മ്യൂണോ ഗ്ലോബുലിൻ ലഭ്യമായില്ല. ഒടുവിൽ എസ്.എ.ടി ആശുപത്രി സഹ. സംഘം ഫാർമസിയിൽ നിന്ന് രണ്ടുഡോസ് 703.5 രൂപക്ക് വാങ്ങിയാണ് കുട്ടിക്ക് നൽകിയത്. സംഭവം പുറത്തുവന്നതോടെ ഇമ്മ്യൂണോ ഗ്ലോബുലിൻ അടിയന്തരമായി ലഭ്യമാക്കാനായി ലോക്കൽ പർച്ചേസിന് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് നിർദ്ദേശം നൽകി. കെ.എം.എസ്.സി.എൽ 9,000 യൂണിറ്റ് ഇമ്മ്യൂണോ ഗ്ലോബുലിന് ഓർഡർ നൽകി കാത്തിരിക്കുന്നുണ്ടെന്നാണ് വിവരം. ആവശ്യം മുന്നിൽ കണ്ട് ഓർഡർ നൽകുന്നതിൽ സംഭവിച്ച വീഴ്ചയാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നും ആക്ഷേപമുണ്ട്.

കടിയേറ്റ പരിക്ക് സാരമല്ലെങ്കിൽ തൊലിപ്പുറത്ത് എടുക്കുന്ന ഐ.ഡി.ആർ.വി മാത്രം മതിയാകും. എന്നാൽ, മുറിവു പറ്റിയിട്ടുണ്ടെങ്കിൽ ഇമ്മ്യൂണോ ഗ്ലോബുലിൻ എടുക്കണം. വിഷം തലച്ചോറിലെത്തുന്നത് തടയാൻ മുറിവിലാണ് ഇത് കുത്തിവയ്ക്കുന്നത്. അധിക സുരക്ഷയ്ക്കൊപ്പം പെട്ടെന്നുള്ള പ്രതിരോധവുമാണ് ഫലം.