2017നു ശേഷം വാങ്ങിയ ഭൂമിക്കും തരംമാറ്റാൻ ഫീസിളവ് നൽകണം
കൊച്ചി: നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്‌തിട്ടില്ലാത്ത ഭൂമി വാങ്ങിയത് 2017നു ശേഷമാണെങ്കിലും 25 സെന്റിൽ കുറവാണെങ്കിൽ തരം മാറ്റാൻ ഫീസിളവു നൽകണമെന്ന് ഹൈക്കോടതി.
25 സെന്റിന് താഴെയാണെങ്കിലും 2017നു ശേഷം വാങ്ങിയതാണെങ്കിൽ ഫീസിളവു നൽകാനാവില്ലെന്ന റവന്യൂ അധികൃതരുടെ നിലപാടിനെതിരെ പാലക്കാട് സ്വദേശി യു. സുമേഷ്, തൃശൂർ സ്വദേശി സരേഷ് ശങ്കർ എന്നിവർ നൽകിയ ഹർജികളിൽ ജസ്റ്റിസ് അനു ശിവരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലമെന്ന് വിജ്ഞാപനം ചെയ്തിട്ടില്ലാത്ത 25 സെന്റിൽ താഴെയുള്ള ഭൂമി തരം മാറ്റാൻ ഫീസ് നൽകേണ്ടെന്ന് കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമത്തിൽ പറയുന്നുണ്ട്. ഇതനുസരിച്ചാണ് ഹർജിക്കാർ ഭൂമി തരം മാറ്റാൻ ഫീസിളവിന് അപേക്ഷ നൽകിയത്. എന്നാൽ 2017 ഡിസംബർ 30 വരെ ഒന്നിച്ചു കിടന്ന ഭൂമി പിന്നീട് 25 സെന്റോ അതിൽ താഴെയോ വിസ്തീർണമുള്ള പ്ളോട്ടുകളായി വിറ്റാൽ തരം മാറ്റാൻ ഫീസിളവ് നൽകരുതെന്ന് നിയമത്തിൽ പറയുന്നുണ്ട്. ഹർജിക്കാർ 2017 നുശേഷമാണ് ഭൂമി വാങ്ങിയത്. അതിനാൽ ഫീസിളവു നൽകില്ലെന്നാണ് റവന്യുഅധികൃതർ വ്യക്തമാക്കിയത്. ഇതു നിയമപരമല്ലെന്നു വ്യക്തമാക്കിയ സിംഗിൾബെഞ്ച് രണ്ടു മാസത്തിനകം ഹർജിക്കാരുടെ അപേക്ഷകൾ ആർ.ഡി.ഒ പരിഗണിച്ചു തീരുമാനം എടുക്കാനും നിർദ്ദേശിച്ചു.