എന്റെ കേരളം പ്രദർശന വിപണന മേള ഇന്നാരംഭിക്കും
പാലക്കാട്: ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'എന്റെ കേരളംപ്രദർശന വിപണന മേള-2023' ന് ഇന്ന് വൈകീട്ട് ആറിന് ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ കെ. കൃഷ്ണൻകുട്ടി തിരിതെളിക്കും. മന്ത്രി എം.ബി രാജേഷ് അദ്ധ്യക്ഷനാകും. പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കുന്ന മേളയിൽ ഏഴ് ദിവസവും ആകർഷകമായ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും. 'യുവതയുടെ സന്തോഷം' എന്ന ആശയം അടിസ്ഥാനമാക്കി സജ്ജമാക്കുന്ന മേളയിൽ യുവാക്കളെ കേന്ദ്രീകരിച്ച് ജോബ് ഡ്രൈവ്, സ്റ്റാർട്ടപ്പ് മിഷൻ സേവനങ്ങൾ, നവസംരംഭകർക്കായി ലോൺ അപേക്ഷ സ്വീകരിക്കൽ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ തുടങ്ങിയവയുണ്ടാകും. പ്രവേശനം സൗജന്യമാണ്. ശീതീകരിച്ച 200 സ്റ്റാളുകളിൽ സർക്കാർ വകുപ്പുകളുടെ വിവിധ സേവനങ്ങളും പ്രദർശനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും. പാർക്കിംഗ് സൗകര്യവും ലഭ്യമാണ്. ഉദ്ഘാടനത്തിന് മുന്നോടിയായി സൈക്കിൾ റാലിയും ഘോഷയാത്രയും നടക്കും. എം.പിമാരായ വി.കെ ശ്രീകണ്ഠൻ, ഇ.ടി മുഹമ്മദ് ബഷീർ, രമ്യ ഹരിദാസ് എന്നിവർ വിശിഷ്ടാതിഥികളാവും. എം.എൽ.എമാരായ ഷാഫി പറമ്പിൽ, അഡ്വ.കെ.ശാന്തകുമാരി, കെ.ബാബു, മുഹമ്മദ് മുഹ്സിൻ, പി.മമ്മിക്കുട്ടി, അഡ്വ.എൻ. ഷംസുദ്ദീൻ, അഡ്വ. കെ.പ്രേംകുമാർ, കെ.ഡി.പ്രസേനൻ, പി.പി.സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ, വാർഡ് കൗൺസിലർ ബി. സുഭാഷ്, ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ.ഉണ്ണികൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. ഏപ്രിൽ 15 ന് മേള സമാപിക്കും.