ജീവനെടുത്ത് കുളിക്കടവുകൾ

Saturday 08 April 2023 11:13 PM IST

തിരുവല്ല: താലൂക്കിലെ നിരവധി കുളിക്കടവുകളിൽ ഒട്ടേറെ ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. മണിമലയാറ്റിലെ കുറ്റൂർ റെയിൽവേ കടവ്, നാറാണത്ത് കടവ്, വള്ളംകുളം കടവ്, നീരേറ്റുപുറം പാലത്തിന് സമീപത്തെ കടവ് എന്നിവിടങ്ങളിൽ കുട്ടികൾ ഉൾപ്പെടെ കുളിക്കുന്നതിനിടെ മരിച്ചിട്ടുണ്ട്. മണിമലയാറ്റിലെ ആഴമേറിയ കടവുകളാണ് മിക്കപ്പോഴും ജീവനുകൾ കവരുന്നത്. ചെളി അടിഞ്ഞുകൂടിയ കടവുകളിൽ കുളിക്കുന്നതിനിടെ കാൽ താഴ്ന്ന് പോയാൽ പിന്നെ ഉയർന്നുവരാൻ ബുദ്ധിമുട്ടാകും. നാറാണത്ത് കടവിൽ കുളിക്കുന്നതിനിടെ തുകലശ്ശേരി പ്ലാന്തറ താഴ്ചയിൽ 14 വയസുള്ള ആസിഫ് സലാം മരിച്ചത് ഒന്നരമാസം മുമ്പാണ്. റെയിൽവേ കടവിൽ രണ്ടുപേർ അടുത്തകാലത്ത് മുങ്ങിമരിച്ചു. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്നവർ തെളിഞ്ഞവെള്ളം കണ്ട് കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.