അപകടക്കെണിയായി പൂവനക്കടവ്

Saturday 08 April 2023 11:22 PM IST

മല്ലപ്പള്ളി :മണിമലയാറ്റിലെ പൂവനക്കടവിൽ അപകടസാദ്ധ്യത ഏറെയാണ് .കടവിലെ കൽക്കട്ടുകളും കോൺക്രീറ്റ് സ്ലാബുകളും തകർന്നിട്ട് വർഷങ്ങളായി. മല്ലപ്പള്ളിയിലെ വലിയ പാലത്തിനോട് ചേർന്ന് തീരസംരക്ഷണത്തിനായി മേജർ ഇറിഗേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 6 വർഷം മുമ്പ് 25 ലക്ഷം രൂപയുടെ നിർമ്മാണമാണ് നടത്തിയത്.തടയണയ്ക്ക് സമീപമായി 72 മീറ്റർ നീളത്തിൽ 10 അടി ഉയരത്തിലായിരുന്നു നിർമ്മാണം .ശോചനീയാവസ്ഥയിൽ ആയിരുന്ന തടയണയും വശങ്ങളിലെ സംരക്ഷണഭിത്തിയും ,കൽക്കട്ടിനു മുകളിൽ കോൺക്രീറ്റിങ്ങും,ആളുകൾക്ക് സുരക്ഷിതമായി നദിയിലേക്ക് ഇറങ്ങുന്നതിന് പടവുകളും പണിതിരുന്നു.ഇവ തകർച്ചയിലായിട്ട് രണ്ടുവർഷം പിന്നിട്ടിട്ടും അധികൃതർ നിസംഗത തുടരുകയാണ്. കുളിക്കുന്നതിനും മറ്റും ധാരാളം ആളുകളാണ് ഇവിടെ എത്തുന്നത്. ജലനിരപ്പ് ഉയർന്നു കഴിഞ്ഞാൽ അപരിചിതർക്ക് പതിയിരിക്കുന്ന അപകടം തിരിച്ചറിയുവാൻ സാധിക്കുകയില്ല.വർഷങ്ങൾക്കു മുമ്പ് കറുകച്ചാൽ ചെമ്പക്കര സ്വദേശികളായ രണ്ട് യുവാക്കൾ തടയണയോട് ചേർന്നുള്ള കയത്തിൽ മരിച്ചിരുന്നു.