21 ലക്ഷത്തിന്റെ വെട്ടിപ്പ്, വനിതാ പോസ്റ്റ്മാസ്റ്റർ റിമാൻഡിൽ

Sunday 09 April 2023 4:26 AM IST

ചേർത്തല: പോസ്​റ്റ് ഓഫീസിൽ നിക്ഷേപമായി സ്വീകരിച്ച 21 ലക്ഷത്തോളം രൂപ തിരിമറി നടത്തിയ കേസിൽ വനിതാ പോസ്റ്റ് മാസ്റ്റർ റിമാൻഡിൽ. മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫീസിലെ ഗ്രാമീൺ ഡാക്ക് സേവക് (പോസ്​റ്റ് മാസ്​റ്റർ) പള്ളിപ്പുറം പാമ്പുംതറയിൽ അമിതാനാഥിനെയാണ് (29) മാരാരിക്കുളം പൊലീസ് അറസ്​റ്റ് ചെയ്തത്.

നിക്ഷേപകർക്ക് വ്യാജ അക്കൗണ്ട് നമ്പരുകൾ സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നു. പണം അക്കൗണ്ടിൽ ഇട്ടിട്ടുണ്ടെന്ന് നിക്ഷേപകരെ തെ​റ്റിദ്ധരിപ്പിച്ച ശേഷം അക്കൗണ്ട് ബുക്കിൽ തുക രേഖപ്പെടുത്തി ഓഫീസ് സീൽ പതിച്ചു നൽകുന്നതും പതിവായിരുന്നു. ഈ പണം ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇവർക്ക് 20,000 രൂപയ്ക്കു മേൽ മാസശമ്പളം ഉണ്ടായിരുന്നു. മാരാരിക്കുളം പൊലീസ് സ്​റ്റേഷനിൽ അമിതാനാഥിനെതിരെ ഇരുപതോളം കേസുകൾ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. സി.ഐ എ.വി.ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ഇ.എം.സജീർ, ജാക്സൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലതി, മഞ്ജുള എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്​റ്റ് ചെയ്തത്. കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.