ഈസ്റ്റർ, വിഷു ആഘോഷം: വിപണിയിൽ വിലക്കയറ്റം

Sunday 09 April 2023 12:49 AM IST

കൊല്ലം: ഈസ്റ്റർ - വിഷു വിപണിയിൽ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം. ഈസ്റ്റർ വിപണി ഇന്നലെ അവസാനിച്ചപ്പോൾ മത്സ്യ - മാംസ ഇനങ്ങൾക്ക് തീ വിലയായിരുന്നു.

വൈകുന്നേരത്തോടെ മീനിനും കോഴിക്കും വിപണിയിൽ ദൗർലഭ്യം നേരിട്ടു. വിഷു ഒരുക്കങ്ങൾ ആരംഭിച്ചതോടെ പച്ചക്കറി വിലയും കയറിത്തുടങ്ങി. മത്സ്യവിലയിൽ കഴിഞ്ഞ ഒരാഴ്ചയായി വലിയ വർദ്ധനവാണ് അനുഭവപ്പെട്ടത്.

അതേസമയം, ആഘോഷ വേളകളിൽ സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഈ മാസം സംഘടിപ്പിക്കാറുള്ള വിപണി വേണ്ടെന്നുവച്ചത് വിലക്കയറ്റം രൂക്ഷമാക്കുമോയെന്ന അശങ്ക ഉയർത്തിയിട്ടുണ്ട്.

മീൻ വില - പഴയ വില

നെയ്‌മീൻ ₹ 1080 - ₹ 700

കേര ₹ 360 - ₹ 230

ചൂര ₹ 180 - ₹ 100

അമൂർ ₹ 380 - ₹ 250

ചെമ്പല്ലി ₹ 450 - ₹ 350

മോദ ₹ 680 - ₹ 350

അയല ₹ 140 - ₹ 210

മത്തി കിട്ടാനില്ല

ഈസ്റ്റർ കാരണം കഴിഞ്ഞ വ്യാഴാഴ്ചയോടെ മത്സ്യ ബന്ധനം ഏതാണ്ട് നിറുത്തി വള്ളങ്ങൾ കരയ്ക്ക് അടുപ്പിച്ചിരുന്നു. മത്സ്യം കിട്ടാതായതോടെ വ്യാപാരികൾ ലേലത്തുക ഉയർത്തിയതോടെ വിലയിൽ വർദ്ധനവുണ്ടായി. മത്തി മാർക്കറ്റിൽ കിട്ടാനേയില്ല. 110 രൂപ വരെ വിലയുണ്ടായിരുന്ന കോഴി ഇറച്ചി ഇന്നലെയോടെ 125 രൂപയിലെത്തി. കാള, പോത്ത്, ആട്, താറാവ് മാംസ വിപണിയും സജീവമായിരുന്നു.

ഇറച്ചി വില

മട്ടൺ ₹ 830

പോത്ത് ₹ 360

താറാവ് ₹ 320

പന്നി ₹ 349

ബീഫ് ₹ 344

അടുത്ത ആഴ്ചയോടെ പച്ചക്കറി വിലയും ഉയരും. വിശേഷ ദിവസങ്ങളിലെ പൊതു വിപണികൾ ഉപേക്ഷിക്കുന്ന തീരുമാനം പുനഃപരിശോധിക്കണം.

എബ്രഹാം സാമുവൽ

ജില്ലാ വികസന സമിതി അംഗം