ടൂറിസം ഗ്രാമമാകാൻ പടിഞ്ഞാറേ കല്ലട

Sunday 09 April 2023 12:51 AM IST

പടിഞ്ഞാറേ കല്ലട: ഒരുകാലത്ത് കൊല്ലത്തിന്റെ നെല്ലറയെന്ന പെരുമയുള്ള നാടായിരുന്നു കല്ലട. ഇന്ന് പ്രസിദ്ധമായ ജലോത്സവത്തിന്റെ നാടാണ്. അഷ്ടമുടി കായലും കല്ലടയാറും ശാസ്താംകോട്ട കായലും ചുറ്റപ്പെട്ട ഒരു ഉപദ്വീപ് പോലെ സുന്ദരമായ പ്രദേശം. സഞ്ചാരികളെ ആക‌ർഷിക്കാൻ ഒട്ടേറെ കാര്യങ്ങളുള്ള പടിഞ്ഞാറെ കല്ലട സംസ്ഥാന ടൂറിസ വികസന സാദ്ധ്യതാ പട്ടികയിൽ ഇടംനേടിക്കഴിഞ്ഞു. ഇനി നാട് ടൂറിസം ഗ്രാമമാകുന്നത് സ്വപ്നം കാണുകയാണ് ഇവിടത്തുകാ‌ർ.

തൊഴിലവസരവും വരുമാനവും

പടിഞ്ഞാറെ കല്ലടയിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ ദൂരത്തിൽ കടപുഴ മുതൽ കണ്ണങ്കാട്ട് കടവ് വരെ കല്ലടയാറിന്റെ തീരപ്രദേശവും ഹൈടെക് റോഡമാണ്. തീരപ്രദേശം കേന്ദ്രീകരിച്ച് വിനോദ സഞ്ചാരികൾക്കായി റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ഹോട്ടലുകൾ, പാർക്കുകൾ തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഒരുക്കാവുന്നതാണ് . ഇതുവഴി നാട്ടിലെ ജനങ്ങൾക്ക് തൊഴിലവസരവും വരുമാനവും ഒപ്പം പഞ്ചായത്തിന് ലൈസൻസ് ഫീസ് ഇനത്തിൽ സാമ്പത്തിക നേട്ടവും ഉണ്ടാകും.

കല്ലടയാറിന്റെ തീരത്തോട് ചേർന്ന് മുമ്പ് നിർമ്മിച്ച ബോട്ട് ജെട്ടികൾ നവീകരിച്ച് ഹൗസ് ബോട്ടുകൾ, ശിക്കാരി വള്ളങ്ങൾ, യാത്രാ ബോട്ടുകൾ എന്നിവ ഇതുവഴി സ‌ർവീസ് നടത്താനുള്ള സൗകര്യം ഒരുക്കണം.
വിജയകുമാർ , ചാപ്രായിൽ, ഐത്തോട്ടുവ പ്രദേശവാസി

കൊല്ലത്ത് നിന്ന് മൺട്രോ തുരുത്തിലേക്ക് പുതുതായി ആരംഭിച്ച സീ അഷ്ടമുടി എന്ന ബോട്ട് സർവീസ് കടപുഴ വരെ നീട്ടണം. കൂടാതെ സമീപ സ്ഥലങ്ങളിലെ കെ .എസ് .ആർ.ടി.സി ഡിപ്പോകളിൽ നിന്ന് കല്ലടയാറിന്റെ തീരപ്രദേശമായ കാരാളിമുക്ക് വളഞ്ഞ വരമ്പ് , കടപുഴ റൂട്ടിലൂടെ ബസ് സർവീസ് ആരംഭിയ്ക്കണം.

അശോകൻ മനോജ് ഭവൻ,

ഐത്തോട്ടുവ ,

പ്രദേശവാസി

സംസ്ഥാന ടൂറിസ വികസന സാദ്ധ്യതാ പട്ടികയിൽ ജില്ലയിൽ പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്തിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ശാസ്താംകോട്ട കായലിന്റെ തെക്കുഭാഗത്തുള്ള കല്ലട പ്രദേശത്തെ കായൽ വരമ്പുമായി ബന്ധപ്പെട്ട് പരിസ്ഥിതി സൗഹൃദ ടൂറിസ പദ്ധതി ഉടൻ നടപ്പിലാക്കും. ഒരു കോടി രൂപ ഗ്രാമ പഞ്ചായത്തിന്റെയും 50 ലക്ഷം രൂപടൂറിസം വകുപ്പിന്റെയും 75 ലക്ഷം രൂപ മുൻ എം.പി സോമപ്രസാദിന്റെ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്.

ഡോ.സി.ഉണ്ണികൃഷ്ണൻ ,

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

പടി.കല്ലട