പീഡനക്കേസിൽ കുടുക്കുമെന്ന് സി.ഐയുടെ ഭീഷണി: പരാതി നൽകി

Sunday 09 April 2023 12:15 AM IST

കൊച്ചി: യുവതിയിൽനിന്ന് കടംവാങ്ങിയ പണം തിരികെ നൽകിയില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് എറണാകുളം നോർത്ത് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്ക് പരാതി. കടവന്ത്ര അമലഭവൻറോഡിൽ പുന്നക്കാട്‌വീട്ടിൽ സെബിൻ സ്റ്റീഫനാണ് എസ്.എച്ച്.ഒയടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

കടം വാങ്ങിയ 8.42 ലക്ഷം രൂപ തിരികെനൽകിയില്ലെന്ന് എറണാകുളം സ്വദേശിനി നൽകിയ പരാതിയിലാണ് സ്റ്റേഷനിൽ എത്തിയത്. ഇത്രയുംപണം നൽകാനില്ലെന്നും തെളിവുകൾ നൽകാമെന്നും അറിയിച്ചെങ്കിലും സിവിൽ പൊലീസ് ഉദ്യോഗസ്ഥനും എസ്.ഐയും എസ്.ഐ ഇൻ ചാർജും ചേർന്ന് ഭീഷണിപ്പെടുത്തി. മർദ്ദിക്കാനും ശ്രമിച്ചു. പരാതിക്കാരിയുടെ സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി മൊഴിയുണ്ടെന്നും പണം നൽകിയില്ലെങ്കിൽ പീഡനക്കേസായി മാറ്റുമെന്നും എസ്.എച്ച്.ഒ ഭീഷണിപ്പെടുത്തിയതായും പണമില്ലെന്ന് അറിയിച്ചതോടെ ഏഴ് ചെക്കിൽ ഒപ്പിട്ട് വാങ്ങിയതായും പരാതിയിൽ പറയുന്നു.