ഇറങ്ങുംമുമ്പ് ബസെടുത്തു; ചോദ്യംചെയ്ത യാത്രക്കാരനെ ട്രാൻ. കണ്ടക്ടർ മർദ്ദിച്ചെന്ന്

Sunday 09 April 2023 12:34 AM IST

 പരാതിപ്പെട്ടപ്പോൾ പൊലീസും ആക്ഷേപിച്ചെന്ന് പരാതി

കൊച്ചി: സ്റ്റോപ്പിൽ ഇറങ്ങുന്നതിനുമുമ്പ് ബസ്‌ മുന്നോട്ടെടുത്തത് ചോദ്യംചെയ്തതിന് കെ.എസ്.ആർ.ടി.സി കണ്ടക്ടർ മർദ്ദിച്ചെന്നും പണമടങ്ങിയ ബാഗ് നഷ്ടമായെന്നും ഇക്കാര്യത്തിൽ പരാതി നൽകാനെത്തിയ തന്നെ മരട് പൊലീസ് ആക്ഷേപിച്ചെന്നും പൊലീസ് കമ്മിഷണർക്കും ജില്ലാ കളക്ടർക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും പരാതി നൽകിയിരിക്കുകയാണ് ആലപ്പുഴ എഴുപുന്ന കൂറ്റുപറമ്പിൽ വിത്സൻ ജോസഫ് .

ആലപ്പുഴ - പാലക്കാട് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിൽ കഴിഞ്ഞമാസം 29നാണ് പരാതികൾക്ക് ആസ്പദമായ സംഭവങ്ങൾക്ക് തുടക്കം.കണ്ടക്ടറുമായുള്ള കൈയാങ്കളിക്കിടെ റോഡിലേക്കുവീണ വിത്സന്റെ വലതുകൈപ്പത്തിക്ക് പൊട്ടലും നട്ടെല്ലിന് പരിക്കുമുണ്ട്. ആശുപത്രിയിൽ ചികിത്സതേടിയ 58കാരൻ വീട്ടിൽ വിശ്രമത്തിലാണ്.

വിത്സൻ പറയുന്നത്:

അരൂർക്ഷേത്രം സ്റ്റോപ്പിൽനിന്ന് കയറി വൈറ്റില ഹബ്ബിന് ചേർന്നുള്ള സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. ചോദ്യംചെയ്തപ്പോൾ ക്ഷുഭിതനായ കണ്ടക്ടർ മർദ്ദിച്ചു. വീഴ്ചയിലാണ് കൈക്ക് പരിക്കേറ്റത്. ആദ്യം എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഡോക്ടറുടെ നിർദ്ദേശപ്രകാരം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകാനെത്തിയെങ്കിലും സംഭവം നടന്നത് വൈറ്റിലയിലായതിനാൽ മരട് സ്റ്റേഷനിൽ പരാതിപ്പെടാൻ നിർദ്ദേശിച്ചു. മരടിലെത്തി പരാതി നൽകിയപ്പോൾ എസ്.എച്ച്.ഒ മോശമായി പെരുമാറി. ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പൊട്ടലുണ്ടെന്ന് വ്യക്തമായത്. ഒത്തുതീർപ്പിന് പൊലീസ് വിളിച്ചിരുന്നു. പണമടങ്ങിയ ബാഗ് തിരിച്ചുകിട്ടണം. കണ്ടക്ടർക്കെതിരെ നടപടിയെടുക്കണം.

കണ്ടക്ടർ പറയുന്നത്:

മുന്നിലെ വാതിൽ അടയുന്നതിന് തടസമുള്ളതിനാൽ പിന്നിലൂടെ ഇറങ്ങണമെന്ന് പരാതിക്കാരൻ ഉൾപ്പെടെ അഞ്ചുപേരോട് പറഞ്ഞിരുന്നു. നാലുപേർ പിന്നിലൂടെ ഇറങ്ങി. പരാതിക്കാരൻ മാത്രം മുന്നിലൂടെ ഇറങ്ങാൻനിന്നു. സ്റ്റോപ്പ് എത്തിയിട്ടും ഇറങ്ങിയില്ല. ഫുട്ബോർഡിൽനിന്ന് യാത്രതടസപ്പെടുത്തി. ദയവുചെയ്ത് ഇറങ്ങണമെന്ന് പറഞ്ഞെങ്കിലും തെറിവിളിച്ചു. മദ്യപിച്ചിരുന്നതായാണ് തോന്നുന്നത്. നഷ്ടപ്പെട്ടെന്ന് പറയുന്ന ബാഗിൽ പണമുണ്ടായിരുന്നില്ല. മദ്യക്കുപ്പിയും വെള്ളവും ഗ്ലാസുമാണ് അതിലുണ്ടായിരുന്നത്.