കുടിവെള്ള സ്രോതസ്സുകൾ മലിനം; മഞ്ഞപ്പിത്തം തലപൊക്കുന്നു

Sunday 09 April 2023 12:33 AM IST

മലപ്പുറം: വേനൽച്ചൂട് കടുത്തതോടെ സാംക്രമിക രോഗങ്ങളുടെ വ്യാപനം ജില്ലയിൽ കൂടുന്നു. ഒരാഴ്ചയ്ക്കിടെ പത്ത് പേർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തു. വേനൽ കടുത്തതിന് ശേഷം ഏറ്റവും കൂടുതൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് ഇക്കാലയളവിലാണ്. രണ്ടുവ‌‍ർഷം മുമ്പ് ജില്ലയിൽ മഞ്ഞപ്പിത്ത വ്യാപനം വലിയ വെല്ലുവിളി ഉയ‌ർത്തിയിരുന്നു. കുടിവെള്ള സ്രോതസ്സുകൾ മലിനീകരിക്കപ്പെട്ട സാഹചര്യം രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുണ്ട്. കുടിവെള്ളത്തിന് ടാങ്കറുകളെ ആശ്രയിക്കുന്ന പ്രദേശങ്ങളുടെ എണ്ണം കൂടിവരികയാണ്. വെള്ളം ശേഖരിക്കുന്നതിലെ മാനദണ്ഡങ്ങൾ പലപ്പോഴും പാലിക്കപ്പെടാറില്ലെന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കുന്നുണ്ട്. അതിസാരവുമായി ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഒരാഴ്ചയ്ക്കിടെ 1,​367 പേർ ചികിത്സ തേടി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ കൂടി ഉണർന്ന് പ്രവർത്തിച്ചാലേ കുടിവെള്ള സ്രോതസ്സുകളിൽ നിന്നുള്ള രോഗവ്യാപനത്തിന് തടയിടാനാവൂ.

വിടാതെ പനി

ജില്ലയിൽ പനി ബാധിതരുടെ എണ്ണം വീണ്ടും കൂടുകയാണ്. ദിവസം ശരാശരി 1,​200ന് മുകളിൽ പേർ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ 8,532 പേർക്ക് പനി ബാധിച്ചു. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പനിയും കടുത്ത തലവേദനയും ചുമയും കഫക്കെട്ടുമാണ് കണ്ടുവരുന്നത്. കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത പനി ബാധിതരോട് മൂന്ന് ദിവസത്തിനകവും പനി കുറവില്ലെങ്കിലും കൊവിഡ് ടെസ്റ്റ് നടത്താൻ ആവശ്യപ്പെടുന്നുണ്ട്. അറുപത് വയസിന് മുകളിലുള്ളവരും മറ്റ് രോഗങ്ങൾക്ക് ചികിത്സ നടത്തുന്നവരിലുമാണ് ജില്ലയിൽ കൂടുതലായും കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇവർക്ക് ആശുപത്രിവാസവും വേണ്ടിവരുന്നുണ്ട്. ഈ പ്രായപരിധിയിൽ കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസെടുക്കാത്തവർ വേഗത്തിൽ വാക്സിനെടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശമുണ്ട്. ഒരാഴ്ചയ്ക്കിടെ ഒമ്പത് പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോൾ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു. കരുവാരക്കുണ്ട്,​ ആനക്കയം,​ പാങ്ങ്,​ ചെറിയമുണ്ടം എന്നിവിടങ്ങളിലാണിത്. വെളിയങ്കോടിൽ ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.