ദുഃഖവെള്ളി ദിനത്തിൽ പള്ളിയിലെത്തി ഉമ്മൻചാണ്ടി
Sunday 09 April 2023 12:41 AM IST
തിരുവനന്തപുരം: ബംഗളുരു എച്ച്.സി.ജി ആശുപത്രിയിൽ ഇമ്യുണോ തെറാപ്പി ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുള്ളതായി കുടുംബാംഗങ്ങൾ പറഞ്ഞു. അദ്ദേഹത്തിന് ഇനി എത്രനാൾ കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് പറയാറായിട്ടില്ല.
കഴിഞ്ഞ ദിവസം ദുഃഖവെള്ളിയോടനുബന്ധിച്ച് ബംഗളുരു ജോൺസൺ മാർക്കറ്റിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെത്തി ഉമ്മൻചാണ്ടി പ്രാർത്ഥിച്ചു. ഭാര്യ മറിയാമ്മ, മക്കളായ മറിയം, ചാണ്ടി ഉമ്മൻ, മറിയത്തിന്റെ മകൻ എഫിനോവ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഈസ്റ്റർ ദിനം വരെ അപ്പൂപ്പനൊപ്പം ചെലവഴിക്കാനാണ് എഫിനോവ എത്തിയത്. നാട്ടിലായിരിക്കെ, എല്ലാ വിശേഷ ദിവസങ്ങളിലും പുതുപ്പള്ളി പള്ളിയിൽ കുടുംബസമേതം പ്രാർത്ഥനയ്ക്ക് പോകുമായിരുന്നു ഉമ്മൻചാണ്ടി.