യുവതി കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
പെരിന്തൽമണ്ണ: ഭാര്യവീട്ടിൽ വച്ച് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. മണ്ണാർക്കാട് ആവണക്കുന്ന് പാറക്കുറവൻ മുഹമ്മദ് റഫീഖിനെയാണ് (35) പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏലംകുളത്തെ പൂത്രോടി കുഞ്ഞലവിയുടെയും നഫീസയുടെയും ഏകമകൾ ഫാത്തിമ ഫഹ്നയാണ് (30) കൊല്ലപ്പെട്ടത്. ഭാര്യയുടെ സ്വർണാഭരണങ്ങളുമായി മണ്ണാർക്കാട് വട്ടമ്പലത്തെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. പ്രതിയെ പൊലീസ് ചോദ്യംചെയ്തു വരികയാണ്. നാലുവയസ് പ്രായമുള്ള ഏകമകൾ ഫിദയോടൊപ്പമായിരുന്നു ഇരുവരും കിടന്നിരുന്നത്. ശനിയാഴ്ച പുലർച്ചെ മുറിയിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽകേട്ട് ഫാത്തിമയുടെ മാതാവ് നോക്കിയപ്പോഴാണ് കൈകാലുകൾ പുതപ്പുകൊണ്ട് കെട്ടിയിട്ട് തുണി കഴുത്തിൽ മുറുകിയ നിലയിൽ ഫാത്തിമയെ കണ്ടത്. വായിലും തുണി തിരുകിയിരുന്നു. ജീവനുണ്ടായിരുന്ന യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹോട്ടലിലെ പാചകത്തൊഴിലാളിയാണ് റഫീഖ്. തിരൂരിൽ നിന്ന് ഫോറൻസിക് വിരലടയാള വിദഗ്ദ്ധരെത്തി തെളിവുകൾ ശേഖരിച്ചു.