തലസ്ഥാനത്ത് രാജസ്ഥാൻ
രാജസ്ഥാൻ ഡൽഹിയെ 57 റൺസിന് തോൽപ്പിച്ചു
പോയിന്റ് ടേബിളിൽ രാജസ്ഥാൻ ഒന്നാമത്
ഗുവാഹത്തി: ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 57റൺസിന് കീഴടക്കി രാജസ്ഥാൻ റോയൽസ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസെന്ന മികച്ച ടോട്ടൽ നേടി.മറുപടിക്കിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
ഡൽഹി അക്കൗണ്ട് തുറക്കുന്നതിന് മുന്നേ തന്നെ ആദ്യ ഓവറിലെ മൂന്നും നാലും പന്തുകളിൽ ഇംപാക്ട് പ്ലെയർ പ്രിഥ്വി ഷായേയും (0) മനീഷ് പാണ്ടേയേയും (0) പുറത്താക്കി ട്രെൻഡ് ബോൾട്ട് രാജസ്ഥാന് ഇരട്ട ബ്രേക്ക് ത്രൂനൽകി. പ്രിഥ്വിയെ പുറത്താക്കാൻ രാജസ്ഥാൻ ക്യാപ്ടനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസൺ വലത്തോട്ട് പറന്ന് വലങ്കൈയിൽ ഒതുക്കിയ ക്യാച്ച് അതിമനോഹരമായിരുന്നു. പാണ്ടേയെ ബോൾട്ട് വിക്കറ്റിന് മുന്നിൽ കുടുക്കി. തുടർച്ചയായ രണ്ടാം മത്സരത്തിൽ അർദ്ധ സെഞ്ച്വറി കണ്ടെത്തിയ ക്യാപ്ടൻ ഡേവിഡ് വാർണറിനും (65), ലളിത് യാദവിനും (24 പന്തിൽ 38) മാത്രമേ ഡൽഹി നിരയിൽ പിടിച്ചു നിൽക്കാനായുള്ളൂ. 14 റൺസെടുത്ത റൂസോയാണ് ഇവരെക്കൂടാതെ രണ്ടക്കം കണ്ട ഏക ഡൽഹി ബാറ്റർ. 36/3 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച വാർണറും ലളിതും ഡൽഹിയ്ക്ക് പ്രതീക്ഷ നൽകി മുന്നേറവെ 13-ാം ഓവറിൽ ബോൾട്ടിനെ തിരികെ കൊണ്ടുവന്ന് സഞ്ജു കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. ലളിതിനെ ക്ലീൻബൗൾഡാക്കിയാണ് ബോൾട്ട് വീണ്ടും ബ്രേക്ക് ത്രൂനൽകിയത്. വാർണറും ലളിതും 46 പന്തിൽ 64 റൺസിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്രിലുണ്ടാക്കിയത്. അധികം വൈകാതെ വമ്പനടിക്കാരായ അക്സർ പട്ടേലിനെ (2) ചഹലിന്റെ പന്തിൽ സഞ്ജു സ്റ്റമ്പ് ചെയ്തും റോവ്‌മാൻ പവലിനെ (2) അശ്വിന്റെ പന്തിൽ ഹെറ്റ്‌മേയർ ക്യാച്ചെടുത്തും പുറത്താക്കിയതോടെ ഡൽഹി പ്രതിരോധത്തിലായി. അഭിഷഏക് പോറലിനും (7) തിളങ്ങാനായില്ല. രാജസ്ഥാനായി ബോൾട്ടും ചഹലും മൂന്നും അശ്വിൻ രണ്ട് വിക്കറ്റും വീഴ്ത്തി.
നേരത്തേ യശ്വസി ജയ്‌സ്‌വാളും (31 പന്തിൽ 60), ജോസ് ബട്ട്ലറും (51 പന്തിൽ 79) നൽകിയ വെടിക്കെട്ട് തുടക്കമാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും 11 ഫോറും 1 സിക്സും വീതം നേടി.
ഒന്നാം വിക്കറ്റിൽ 51 പന്തിൽ 98 റൺസാണ് ഇരുവരും നേടിയത്. സഞ്ജു സാംസണും (0), പരാഗും (7) നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറുകളിൽ ഹെറ്റ്‌മേയർ ( 21 പന്തിൽ 39 ) കത്തിക്കയറി. മുകേഷ് കുമാർ ഡൽഹിക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. 3 മത്സരങ്ങളിൽ നിന്ന് രണ്ടാം ജയം നേടിയ രാജസ്ഥാന് 4 പോയിന്റുണ്ട്. ഡൽഹിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.
രഹാനെ വെടിക്കെട്ട്, മുംബയ്‌യെ മുക്കി ചെന്നൈ
മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ സൂപ്പർ ടീമുകൾ മുഖാമുഖം വന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 7 വിക്കറ്റിന് മുംബയ് ഇന്ത്യൻസിന കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത് മുംബയ് ഇന്ത്യൻസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. മറുപടിക്കിറങ്ങിയ ചെന്നൈ ഈ സീസണിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയുടേയും മികച്ച ഫോം തുടരുന്ന റുതുരാജ് ഗെയ്ക്വാദിന്റെയും ബാറ്രിംഗിന്റെ പിൻബലത്തിൽ 18.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (159/3). ചെന്നൈ അക്കൗണ്ട് തുറക്കുന്നതിന് മുന്നേ ഡെവോൺ കോൺവേയെ (0) ആദ്യ ഓവറിൽ ക്ലീൻബൗൾഡാക്കി ബെഹ്റൻഡ്രോഫ് മുംബയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ പകരം സീസണിൽ ആദ്യമായി ആദ്യ ഇലവനിൽ അവസരം ലഭിച്ച രഹാനെ (27 പന്തിൽ 61) എത്തിയതോടെ കളി മാറുകയായിരുന്നു. അർഷദ് ഖാന്റ ഒരോവറിൽ 22 റൺസ് അടിച്ചെടുത്ത രഹാനെ വെറും 19 പന്തിൽ അർദ്ധ സെഞ്ച്വറി നേടി. ഗെയ്ക്വാദിനൊപ്പം (പുറത്താകാതെ 40) രണ്ടാം വിക്കറ്റിൽ 44 പന്തിൽ 88 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി രഹാനെ ചെന്നൈയുടെ ജയമുറപ്പിച്ചു. 7ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് രഹാനെയുടെ ഇന്നിംഗ്സ്. റുതുരാജ് ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി.ശിവം ദുബെ (28),അമ്പാട്ടി റായ്ഡു (പുറത്താകാതെ 20) എന്നിവരും നിരാശപ്പെടുത്തിയില്ല. മൂന്ന് മത്സരങ്ങളിൽ നിന്ന് ചെന്നൈയുടെ രണ്ടാം ജയമാണിത്. മുംബയ്ക്കിതുവരെ ജയിക്കാനായിട്ടില്ല. നേരത്തേ ഒരു ഘട്ടത്തിൽ 76/5 എന്ന നിലയിൽ പ്രതിസന്ധിയിലായിരുന്ന മുംബയ്‌യെ തിലക് വർമ്മയും (22), ടിം ഡേവിഡും (22 പന്തിൽ 31), ഹൃത്വിക് ഷോക്കീനുമാണ് (പുറത്താകാതെ 18) 150 കടത്താൻ പ്രധാന പങ്കുവഹിച്ചത്. ഓപ്പണിംഗിൽ ക്യാപ്ടൻ രോഹിത് ശർമ്മയും (21), ഇഷാൻ കിഷനും (32) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ചെന്നൈക്കായി ജഡേജ മൂന്നും സാന്റ്നർ,തുഷാർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.