ഒരു ജനറേഷൻ കഴിഞ്ഞല്ലോ, പഴയത് മുഴുവൻ കളയാനും പറ്റില്ല; 'യോദ്ധ' യുടെ രണ്ടാം ഭാഗത്തെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ
ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗം വരുന്നത് പുതുമയുള്ള കാര്യമല്ല. അത്തരത്തിൽ പ്രേക്ഷകർ ഏറെ നാളുകളായി ചോദിക്കുന്ന കാര്യമാണ് മോഹൻലാലും ജഗതിയും തകർത്തഭിനയിച്ച 'യോദ്ധ' യുടെ രണ്ടാം ഭാഗം വരുമോയെന്നത്. ഇപ്പോഴിതാ കൗമുദി ടിവിയിലെ സ്‌ട്രെയിറ്റ് ലൈനിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സംഗീത് ശിവൻ.
'കൺസപ്റ്റ് കിട്ടി. അന്ന് വർക്ക് ചെയ്തവരൊക്കെ ഇന്ന് വലിയ വലിയ ടെക്നീഷ്യന്മാരൊക്കെയാ. അന്ന് ഞാൻ ഈ കഥ പറയുമ്പോൾ അവരൊക്കെ വലിയ ത്രില്ലിലായിരുന്നു. അതേപോലത്തെ ഒരു ത്രില്ല് കിട്ടിയാലല്ലേ ശരിയാകൂ. ഞങ്ങൾ ഒരെണ്ണം വർക്ക് ചെയ്ത് വരികയായിരുന്നു. അപ്പോഴാണ് അമ്പിളിച്ചേട്ടന് അപകടം ഉണ്ടായത്. ആ പടത്തിൽ അമ്പിളിച്ചേട്ടൻ പ്രധാന ഘടകമായിരുന്നു. അതുകഴിഞ്ഞപ്പോൾ വേറൊരു രീതിയിൽ ചിന്തിക്കാമെന്ന് കരുതി. എല്ലാവരും കൂടിയിരുന്ന് ആലോചിച്ചു. ഒരു ജനറേഷൻ കഴിഞ്ഞല്ലോ. ആ യോദ്ധാവ് പവർ യംഗർ ജനറേഷന് കൈമാറി.അങ്ങനെയൊരു ഐഡിയ ആലോചിച്ചു.
കൺസെപ്‌റ്റൊക്കെ ഓക്കെയായി.കഴിയുന്നത്ര വേഗത്തിൽ ചെയ്യും. പഴയതും പുതുമയും ചേർന്നുള്ളതായിരിക്കും. പഴയത് മുഴുവൻ കളയാൻ ഒക്കത്തില്ലല്ലോ. ഇപ്പോൾ സാങ്കേതിക വിദ്യയിൽ ഒരുപാട് മാറ്റം വന്നു. ആ ഒരു സ്‌കെയിലിലേ ഇപ്പോൾ ചിന്തിക്കാൻ പറ്റുകയുള്ളൂ.'- അദ്ദേഹം പറഞ്ഞു.