വീട് ഒരാവശ്യം വന്നാൽ വിൽക്കാൻ പറഞ്ഞ് അമ്മ രേഖാമൂലം എന്റെ പേരിലാക്കി തന്നതാണ്, വരദ വിൽപ്പന വിവാദത്തിൽ പ്രതികരിച്ച് ലക്ഷ്‌മീ ദേവി
തിരുവനന്തപുരം കവയിത്രി സുഗതകുമാരിയുടെ വരദ എന്ന വീട് വിൽപ്പനയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി മകൾ ലക്ഷ്‌മീ ദേവി. അമ്മ താമസിച്ചിരുന്ന വരദ എന്ന വീട് അച്ഛൻ പണിതതാണ്. അത് സ്‌മാരകമാക്കണം എന്നാവശ്യപ്പെട്ട് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ഇത്രയും കാലം തന്നെ സമീപിച്ചിട്ടില്ലെന്ന് ലക്ഷ്‌മി ദേവി വ്യക്തമാക്കി. സുഗതകുമാരിയുടെ മരണശേഷം കഴിഞ്ഞ രണ്ടര വർഷമായി അടഞ്ഞുകിടന്ന വീട് ദ്രവിച്ച് തുടങ്ങിയെന്നും അമ്മയുടെ ഏക അവകാശി എന്ന നിലയിൽ വീട് വിൽക്കാൻ പരിപൂർണ അവകാശമുണ്ടെന്നും ലക്ഷ്‌മി ദേവി പറഞ്ഞു.
സുഗതകുമാരിയുടെ സഹോദരിയുടെ വീടിന് മുന്നിലൂടെയാണ് വരദയിലേക്ക് പ്രവേശിക്കാൻ വഴിയുണ്ടായിരുന്നത്. സുഗതകുമാരിയുടെ മരണശേഷം ആ വഴി വീടിന്റെ അനന്തരവകാശികൾ അടച്ചതായും അവർ അറിയിച്ചു. വീട് നശിക്കില്ലെന്നും വൃക്ഷങ്ങൾ മുറിച്ച് മാറ്റില്ലെന്ന് ഉറപ്പുള്ളവർക്കുമാണ് വീട് വിറ്റതെന്നും ലക്ഷ്‌മി ദേവി കുറിപ്പിലൂടെ വ്യക്തമാക്കി.
വരദ വിറ്റുപോയപ്പോൾ പലതരം ഭീഷണി തനിക്ക് നേരിട്ടതായും വീട്ടിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഊഴം വച്ച് കാവൽനിന്ന് അത് തടയുമെന്നും ചിലർ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നതായും ലക്ഷ്‌മി ദേവി സൂചിപ്പിച്ചു. വീട് തന്നെ സ്‌മാരകമാക്കണമെങ്കിൽ അപ്പൂപ്പൻ ബോധേശ്വരനും അമ്മൂമ്മ കാർത്ത്യായനിയും നിർമ്മിച്ച അഭയ എന്ന വീടാണ് അതിന് നല്ലതെന്ന് ലക്ഷ്‌മി ദേവി പറഞ്ഞു.
അമ്മ മരിച്ചിട്ട് ഇക്കാലവും തിരിഞ്ഞുനോക്കാത്തവർ 'വരദ' വിറ്റതോടെ സുഗതകുമാരിയെന്ന വികാരം ഇളക്കിവിട്ട് ബഹളംവയ്ക്കുകയാണെന്ന് മകൾ ലക്ഷ്മി കഴിഞ്ഞദിവസം 'കേരളകൗമുദി'യോട് പറഞ്ഞിരുന്നു. സ്മൃതി വനത്തിന് ഭൂമിയേറ്റെടുക്കാൻ മന്ത്രി വി. ശിവൻകുട്ടിയെയും ചീഫ് സെക്രട്ടറി വി.പി. ജോയിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇന്നലെ സാംസ്‌കാരിക മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
വാഹനം കയറ്റാൻ കഴിയാത്തതിനാൽ വർഷങ്ങൾക്ക് മുമ്പേ താൻ വരദയിൽ നിന്ന് താമസം മാറിയിരുന്നു. രണ്ടരവർഷമായി ആൾത്താമസമില്ലാതെ വീട് നശിക്കാൻ തുടങ്ങിയതോടെയാണ് വിൽക്കാൻ തീരുമാനിച്ചത്. ഇതേ അവസ്ഥയിൽ തുടരുകയാണെങ്കിൽ വീട് ഇടിഞ്ഞുവീഴും. പൊളിച്ചുമാറ്റിയ ഔട്ട്ഹൗസ് താൻ ഉണ്ടാക്കിയതാണ്. അമ്മ ഔട്ട്ഹൗസിലിരുന്ന് എഴുതിയിട്ടില്ല.
അമ്മയുടെ വലുതും ചെറുതുമായ പുരസ്‌കാരങ്ങൾ, പുസ്തകങ്ങൾ, കത്തുകൾ, ഉപയോഗിച്ച കട്ടിൽ, എഴുതാനിരുന്ന മേശ, കസേര,വസ്ത്രങ്ങൾ തുടങ്ങി എല്ലാം എടുത്തുവച്ചിട്ടുണ്ട്. സ്മാരകം വരികയാണെങ്കിൽ സാംസ്‌കാരിക വകുപ്പ് ആവശ്യപ്പെടുന്ന മുറയ്ക്ക് എല്ലാം അവരെ ഏല്പിക്കും. അമ്മയും അച്ഛനും ഭൗതിക സ്വത്തുക്കളിൽ വിശ്വസിച്ചിരുന്നില്ലെന്നും ലക്ഷ്മി വ്യക്തമാക്കിയിരുന്നു.