ആർ എസ് എസിന് കുറേ നല്ല കാര്യങ്ങളുണ്ട്, കായിക പരിശീലനമൊക്കെ ഡിഫൻസിന് വേണ്ടി; ബി ജെ പിക്ക് രാഷ്ട്രീയ അയിത്തം കാണുന്നില്ലെന്ന് കുന്നംകുളം ഭദ്രാസന മെത്രാപ്പൊലീത്ത
കുന്നംകുളം: ആർ എസ് എസിനെ പ്രശംസിച്ച് കുന്നംകുളം ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന് കുറേ നല്ല കാര്യങ്ങളുണ്ട്. വിചാരധാരയിലെ ഏതെങ്കിലും ഒരുഭാഗം മാത്രം അടർത്തിയെടുത്ത് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ബി ജെ പിക്ക് മാത്രം രാഷ്ട്രീയ അയിത്തം കാണുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
' ആർ എസ് എസിന് അവരുടേതായ കുറേ നല്ല കാര്യങ്ങളുണ്ട്. കായിക പരിശീലനമൊക്കെ ഡിഫൻസിന് വേണ്ടിയാണ്, ആരെയും തല്ലാനും കൊല്ലാനുമല്ലെന്ന് അവർ പറയുന്നു. വിചാരധാരയിലെ ഒരു ഭാഗം മാത്രം വ്യാഖ്യാനിക്കരുത്. ഓർത്തഡോക്സ് സഭയ്‌ക്ക് ഒരു സിദ്ധാന്തമുണ്ട്. വേദപുസ്തകത്തിൽ തന്നെ ഏതെങ്കിലും ഒരു വാക്യമെടുത്ത് വ്യാഖ്യാനിക്കുകയല്ല. ഞങ്ങൾ ഹോളിസ്റ്റിക് ആയിട്ടാണ് വ്യാഖ്യാനിക്കുക.'- അദ്ദേഹം പറഞ്ഞു.
മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരെ പ്രശംസിച്ചുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഉത്തരേന്ത്യയിൽ ക്രൈസ്തവ സഭകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ സഭാ തള്ളിപ്പറഞ്ഞ സാഹചര്യത്തിലാണ് മെത്രാപ്പൊലീത്ത ഇങ്ങനെയൊരു നിലപാട് എടുത്തിരിക്കുന്നത്.