സ്വപ്നയ്ക്കെതിരായ അപകീർത്തി കേസ്: ദുരുദ്ദേശ്യമെന്ന് കോടതി

Thursday 13 April 2023 12:54 AM IST

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷിനെതിരെ കണ്ണൂർ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസെടുത്തതിൽ ദുരുദ്ദേശ്യമുണ്ടെന്ന് വാക്കാൽ പറഞ്ഞ സിംഗിൾബെഞ്ച് ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി.

കേസ് റദ്ദാക്കാൻ സ്വപ്ന നൽകിയ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ അനുവദിച്ചത്. സി.പി.എം ഏരിയാ സെക്രട്ടറി മോഹൻരാജ് നൽകിയ പരാതിയിൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, ലഹളയുണ്ടാക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളിൽ നിന്ന് പിൻമാറാൻ വിജേഷ് പിള്ളയെന്ന വ്യക്തി വഴി എം.വി. ഗോവിന്ദൻ 30 കോടി രൂപ വാഗ്‌ദാനം ചെയ്തെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. എം.വി. ഗോവിന്ദൻ തനിക്കയച്ച വക്കീൽ നോട്ടീസിന് മറുപടി നൽകിയെന്നും സ്വപ്നയുടെ ഹർജിയിൽ പറയുന്നു.