ചർച്ചയായി 2019ലെ ലോകായുക്ത വിധി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി ദുർവിനിയോഗക്കേസിൽ 2019ൽ ലോകായുക്തയായിരുന്ന ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് അദ്ധ്യക്ഷനായ ഫുൾബെഞ്ചിന്റെ ഉത്തരവ് ചർച്ചാവിഷയമാവുന്നു. ലോകായുക്തയും ഉപലോകായുക്തയായിരുന്ന ജസ്റ്റിസ് കെ.പി. ബാലചന്ദ്രനുമാണ് മുഖ്യമന്ത്രിക്ക് തിരിച്ചടിയായ ഉത്തരവിറക്കിയത്. ഉപലോകായുക്ത ജസ്റ്റിസ് എ.കെ. ബഷീറിന്റേത് ഭിന്നവിധിയായിരുന്നു. ഈ ഭൂരിപക്ഷ ഉത്തരവുണ്ടായിരിക്കെയാണ് ഹർജി നിലനിൽക്കുന്നതാണോയെന്നും മന്ത്രിസഭ തീരുമാനം ലോകായുക്തയ്ക്ക് അന്വേഷിക്കാനാവുമോ എന്നും പരിശോധിക്കാൻ ഫുൾബെഞ്ചിന്റെ പരിഗണയ്ക്ക് വിട്ട് രണ്ടംഗബെഞ്ച് മാർച്ച് 31ന് ഉത്തരവിറക്കിയത്. ഇതിനെതിരായ റിവ്യൂഹർജിയാണ് ഇന്നലെ തള്ളിയത്.
ജസ്റ്റിസ് പയസ് സി.കുര്യാക്കോസിന്റെ ഉത്തരവ്
നിലവിലെ ചട്ടങ്ങൾ ലംഘിച്ചാണ് ഫണ്ട് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെങ്കിൽ കൂടിയും 3 ലക്ഷത്തിന് മുകളിൽ തുക അനുവദിക്കാൻ കഴിയില്ല. അപേക്ഷയില്ലാതെയാണ് പണം അനുവദിച്ചത്. മന്ത്രിസഭായോഗത്തിൽ അജൻഡയ്ക്ക് പുറത്തുള്ള ഇനമായി കൊണ്ടുവന്നു. കാബിനറ്റ് നോട്ടോ ഫയലോ ഇല്ല. വരുമാന പരിധി കണക്കിലെടുത്തില്ല. അതിനാൽ തീരുമാനത്തിൽ സുതാര്യതയില്ല. ഇത്തരം നടപടികൾക്ക് 'മന്ത്രിസഭാ തീരുമാനം ' എന്ന പരിരക്ഷ ലഭിക്കില്ലെന്ന് ലാവ്‌ലിൻ, പാമോയിൽ കേസുകളിൽ വ്യക്തമായിട്ടുണ്ട്. സ്വജനപക്ഷപാതം നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. വിവേചനാധികാരം എന്നാൽ ഏകപക്ഷീയമായ തീരുമാനമെടുക്കലല്ല. അതിനാൽ അന്വേഷണം നടക്കേണ്ടതുണ്ട്.
ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്റെ ഉത്തരവ്
സർക്കാരും സർക്കാരുദ്യോഗസ്ഥരും ലോകായുക്ത പരിധിയിൽ വരും. അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും നടത്തിയിട്ടുണ്ടെന്നാണ് കേസ്. അതുകൊണ്ടുതന്നെ ഈ പരാതി അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. മന്ത്രിസഭ തീരുമാനമാണ് എന്നതിന്റെ പേരിൽ അന്വേഷണം ഒഴിവാക്കാനാവില്ല. സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അന്വേഷണ പരിധിയിൽ വരുമെന്ന് ചട്ടമുണ്ട്.