കടപ്ര ഗ്രാമോത്സവം നാളെ മുതൽ കീച്ചേരിവാൽ കടവിൽ
തിരുവല്ല: പമ്പ - മണിമല നദികൾ സംഗമിക്കുന്ന പ്രകൃതിരമണീയമായ വളഞ്ഞവട്ടം കീച്ചേരിവാൽ കടവിൽ നാളെമുതൽ 16വരെ കടപ്ര ഗ്രാമോത്സവം നടക്കും. ജനചേതന സാംസ്ക്കാരികവേദിയുടെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീകളുടെയും സഹകരണത്തോടെയാണ് ഗ്രാമോത്സവം സംഘടിപ്പിക്കുന്നത്. 14ന് രാവിലെ 9ന് പതാക ഉയർത്തും. മൂന്നിന് ആലംതുരുത്തിപാലം ജംഗ്‌ഷനിൽനിന്ന് ജനകീയ ഘോഷയാത്ര. 5.30ന് മെഗാതിരുവാതിര. ആറിന് ആന്റോ ആന്റണി എം.പി ഗ്രാമോത്സവം ഉദ്ഘാടനം ചെയ്യും.മാത്യു ടി.തോമസ് എം.എൽ.എ മുഖ്യാതിഥിയാകും.രാത്രി ഏഴിന് കലാസന്ധ്യ ചലച്ചിത്രതാരം എം.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാനമേള.15ന് രാവിലെ 9മുതൽ ബാലസംഗമം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ.മിനികുമാരി ഉദ്ഘാടനം ചെയ്യും.10മുതൽ ചിത്രരചന, കഥ,കവിതാരചനാ, മെഗാക്വിസ് മത്സരങ്ങൾ, രണ്ടുമുതൽ പരിശീലന ക്ളാസുകൾ. 4.30ന് കവിയരങ്ങ് പ്രൊഫ.കടമ്മനിട്ട വാസുദേവൻപിള്ള ഉദ്ഘാടനം ചെയ്യും.രാത്രി ഏഴുമുതൽ നാടൻപാട്ട്. 16ന് രാവിലെ 9ന് വനിതാസംഗമം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനിൽകുമാർ ഉദ്ഘാടനം ചെയ്യും. വനിതാ സംരംഭങ്ങളെക്കുറിച്ച് താലൂക്ക് വ്യവസായ ഓഫീസർ സ്വപ്നദാസ് ക്ലാസെടുക്കും.12മുതൽ ഉൽപ്പന്ന നിർമ്മാണ പരിശീലനം. 2ന് കുടുംബശ്രീ കലാമേള പുളിക്കീഴ് ബ്ലോക്ക് മെമ്പർ വിജി നൈനാൻ ഉദ്ഘാടനം ചെയ്യും. 5ന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കീച്ചേരിവാൽകടവ് ടൂറിസം സാദ്ധ്യതകൾ എന്ന വിഷയത്തിൽ ഡോ.വർഗീസ് മാത്യു പ്രബന്ധം അവതരിപ്പിക്കും. മികച്ചനേട്ടം കൈവരിച്ചവരെ ആദരിക്കും. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽകുമാർ സമ്മാനദാനം നടത്തും. ഏഴുമുതൽ നാടകം. ഗ്രാമോത്സവത്തോടനുബന്ധിച്ച് വ്യാപാര വിപണനമേള, അലങ്കാരമത്സ്യ പ്രദർശനം,ഫുഡ്കോർട്ട്, പുഷ്പഫല ചെടികളുടെ വിൽപ്പന, കുടുംബശ്രീ ഉൽപ്പന്നങ്ങൾ, വ്യവസായ വകുപ്പിന്റെ സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് സാംസ്ക്കാരികവേദി പ്രസിഡന്റ് പി.ആർ.മഹേഷ്‌കുമാർ, സ്വാഗതസംഘം ചെയർമാൻ പ്രൊഫ.കെ.വി.സുരേന്ദ്രനാഥ്, ജനറൽ കൺവീനർ ചന്ദ്രഭാനു ബി, പ്രോഗ്രാംകമ്മിറ്റി ചെയർമാൻ ജോസഫ് തോമസ്, പബ്ലിസിറ്റി കൺവീനർ വിപിൻ കാർത്തിക് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിളംബരജാഥ ഇന്ന്
ഗ്രാമോത്സവത്തിന്റെ വിളംബരജാഥ ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടിന് സൈക്കിൽമുക്കിൽ നിന്ന് കീച്ചേരിവാൽ കടവിലേക്ക് ആരംഭിക്കും. പുളിക്കീഴ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഇ.ഡി.ബിജു ഫ്‌ളാഗ്ഓഫ് ചെയ്യും.