മാനേജ്‌മെന്റിന്റെയും സർക്കാരിന്റെയും പീഡനം കാരണം 85 ജീവനക്കാർ മരിച്ചെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടു; കെഎസ്‌ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ
Thursday 13 April 2023 8:25 AM IST
തിരുവനന്തപുരം: മാനേജ്‌മെന്റിന്റെയും സർക്കാരിന്റെയും പീഡനം കാരണം 85 ജീവനക്കാർ മരിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയ കണ്ടക്ടറെ കെ.എസ്.ആർ.ടി.സി സസ്‌പെൻഡ് ചെയ്തു. കണിയാപുരം യൂണിറ്റിലെ ടി. സുരേഷ്‌കുമാറിനെതിരെയാണ് വകുപ്പുതല നടപടി. ജനുവരി മുതൽ മാർച്ചുവരെ 85 ജീവനക്കാർ മരിച്ചെന്ന് ചിത്രം സഹിതം ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഈ കാലയളവിൽ 16 ജീവനക്കാരാണ് മരിച്ചതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.
2019 മുതൽ വാഹനാപകടങ്ങളിലും മറ്റും മരിച്ചവരുടെ ചിത്രങ്ങൾ കൂടി ചേർത്താണ് ഫേസ്ബുക്ക് പോസ്‌റ്റെന്നും തെളിഞ്ഞു. കെ.എസ്.ആർ.ടി.സിയെയും സർക്കാരിനെയും മനഃപൂർവ്വം അപമാനിക്കുന്നതിനാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്ന് വിജലൻസ് റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം മേധാവി നടപടി സ്വീകരിച്ചത്.