മഹുവ ആചാര്യ കെ.എസ്.ആ.ർ.ടി.സി ഡയറക്ടർ ബോർഡംഗം

Friday 14 April 2023 12:06 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്ഥാപനമായ കൺവേർജൻസ് എനർജി സർവീസസ് ലിമിറ്റഡ് മുൻ മാനേജിംഗ് ഡയറക്ടർ മഹുവ ആചാര്യയെ കെ.എസ്.ആ.ർ.ടി.സി ഡയറക്ടർ ബോർഡംഗമായി മന്ത്രി ആന്റണി രാജു നാമനിർദ്ദേശം ചെയ്തു.

സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രഗത്ഭരായ പ്രൊഫഷണലുകളെ കെ.എസ്.ആർ.ടി.സിയുടെ തലപ്പത്ത് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് നിയമനം. നേരത്തെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റ അഡിഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കറിനെയും ഡയറക്ടർ ബോർഡിലേയ്ക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

നാഷണൽ ബസ് പ്രോഗ്രാമിന്റെ ഭാഗമായി ഇലക്ട്രിക് ബസുകൾ ലീസിനെടുത്ത സി.ഇ.എസ്.എല്ലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായിരുന്നു മഹുവ ആചാര്യ. കർണ്ണാടക സ്വദേശിയായ മഹുവ അമേരിക്കയിലെ യേൽ സർവകലാശാലയിൽ നിന്ന് പരിസ്ഥിതി മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടി​യിട്ടുണ്ട്.

മെക്കാനിക്കൽ എൻജിനിയറിംഗിൽ ബി.ടെക്കും മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് എം.ടെക്കും നേടി 2009ൽ ഐ.ഒ.എഫ്.എസ് കരസ്ഥമാക്കിയ പ്രമോജ് ശങ്കർ തിരുവനന്തപുരം വെമ്പായം സ്വദേശിയാണ്.