അമൃതാനന്ദമയി മഠത്തിന്റെ വിഷുത്തൈനീട്ടം ആഗോളതലത്തിലേക്ക്

Friday 14 April 2023 1:52 AM IST

കൊല്ലം: പരിസ്ഥിതിയെ സ്‌നേഹിക്കുകയെന്ന സന്ദേശത്തോടെ മാതാ അമൃതാനന്ദമയി തുടക്കമിട്ട വിഷുത്തൈനീട്ടം പദ്ധതി ഇക്കുറി ലോകമെമ്പാടുമുള്ള മലയാളികളിലേക്കെത്തും. വിഷുവിന് മലയാളികളിലേക്ക് വൃക്ഷത്തൈകൾ എത്തിക്കുന്ന പദ്ധതി വേൾഡ് മലയാളി കൗൺസിലിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.

നാളെ വൈകിട്ട് 6ന് അമൃതപുരി അമൃതാനന്ദമയി മഠത്തിൽ നടക്കുന്ന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾക്ക് അമൃതാനന്ദമയി വൃക്ഷത്തൈകൾ നൽകി ഉദ്ഘാടനം നിർവഹിക്കും. വിവിധ രാജ്യങ്ങളിലെ വേൾഡ് മലയാളി കൗൺസിൽ കൂട്ടായ്മകൾ വഴിയാണ് വിതരണം. 'പൊന്നുവിളയും മണ്ണ്, തേനൂറും കൂട് ' എന്നതാണ് ഇത്തവണത്തെ ആപ്ത വാക്യം.

ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതിയായ സി 20യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി വൃക്ഷങ്ങളുടെ വിത്തുകളടങ്ങിയ ഒരു ലക്ഷം സീഡ് ബോളുകളും ഈ വർഷം വിതരണം ചെയ്യുന്നുണ്ട്. പ്രകൃതിയോടുള്ള സ്നേഹവും ആദരവും വളർത്തുകയാണ്പദ്ധതിയുടെ ലക്ഷ്യമെന്ന് അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. 2015 ലാണ് വിഷുത്തൈനീട്ടം പദ്ധതിക്ക് തുടക്കംകുറിച്ചത്.