ശിവശങ്കറിന്റെ ജാമ്യഹർജി തള്ളി
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലെ മറ്റു പ്രമുഖരിലും ഏറെ സ്വാധീനമുള്ള വ്യക്തിയായതിനാൽ ശിവശങ്കറിന് ജാമ്യം നൽകിയാൽ തുടരന്വേഷണത്തെ ബാധിക്കാനിടയുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യതയുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. കേസിൽ ആരോപണവിധേയയായ സ്വപ്ന സുരേഷിന്റെ അറസ്റ്റ് വൈകുന്നത് ഗുരുതര വീഴ്ചയാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. ജയിൽ അധികൃതർ നല്കുന്ന ചികിത്സയുമായി ഹർജിക്കാരൻ സഹകരിക്കാത്തതിനാൽ ചികിത്സയുടെ പേരിൽ വിട്ടയയ്ക്കാനാവില്ല. മതിയായ ചികിത്സ ജയിൽ അധികൃതർ ഉറപ്പുവരുത്തണം. കേസുമായി ബന്ധപ്പെട്ട് പ്രത്യേക കോടതിയിലുള്ള മുഴുവൻ രേഖകളും കോടതി പരിശോധിച്ചു. പ്രോസിക്യൂഷൻ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിവയ്ക്കുന്നതാണ് രേഖകളെന്നും കോടതി നിരീക്ഷിച്ചു.