'വന്ദേ ഭാരതിന് കേരളത്തിലെ ട്രാക്കുകളിൽ വലിയ വേഗത്തിൽ സഞ്ചരിക്കാനാവില്ല, ഓടുന്നത് മറ്റ് ട്രെയിനുകളുടെ അതേ വേഗതയിൽ'
കൊച്ചി: കേരളത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് ലോക്കോ പൈലറ്റ് എന്‍. സുബ്രഹ്മണ്യന്‍. കേരളത്തില്‍ സര്‍വീസ് നടത്തുന്നതിനുള്ള വന്ദേഭാരത് എക്‌സ്പ്രസ് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈറോഡില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ ഓടിച്ചത് എന്‍. സുബ്രഹ്മണ്യനായിരുന്നു. കേരളത്തിലെ ട്രാക്കുകളിലെ വളവുകളും മറ്റും മൂലം വന്ദേഭാരതിന് വലിയ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'മറ്റു ട്രെയിനുകളുടെ വേഗത്തില്‍ തന്നെയാകും വന്ദേഭാരതും സഞ്ചരിക്കുക. മണിക്കൂറില്‍ 80 കിലോമീറ്ററാകും വേഗം. ഷൊര്‍ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് വന്നതും ഇതേ വേഗത്തിലാണ്. ഏപ്രില്‍ എട്ടുമുതല്‍ കോയമ്പത്തൂര്‍-ചെന്നൈ സര്‍വീസ് നടത്തുന്ന ട്രെയിനാണിത്. അവിടെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് ജോലാര്‍പേട്ട്-ചെന്നൈ സ്റ്റേഷനുകള്‍ക്കിടയിലാണ്. 130 കിലോമീറ്റര്‍ വേഗത്തിലാണ് ഈ മേഖലയില്‍ ട്രെയിന്‍ സഞ്ചരിക്കുന്നത്.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
200 കൊടും വളവുകൾ
റെയിൽപ്പാതയിലെ കൊടും വളവുകളാണ് അതിവേഗ ട്രെയിനുകൾക്ക് കേരളത്തിൽ തടസ്സം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 560 കിലോമീറ്ററിൽ 620 വളവുകളുണ്ട്. ഇതിൽ ഇരുന്നൂറോളം കൊടുംവളവുകൾ നിവർത്താനുള്ള സാദ്ധ്യതാപഠനം എങ്ങുമെത്തിയില്ല. നിലവിലെ പാളങ്ങളിൽ 60 മുതൽ 80 കിലോമീറ്റർ വരെയാണ് വേഗത.
വളവുകൾ 0.85 ഡിഗ്രിയിൽ കൂടാൻ പാടില്ല. വളവുകൾ നിവർത്തുന്നതിനു പകരം നിലവിലെ ഇരട്ട റെയിൽപ്പാതകൾക്ക് സമാന്തരമായി വളവുകളില്ലാത്ത പുതിയ പാതയിലൂടെ 180 കിലോമീറ്റർ വരെ വേഗതയിൽ സർവീസ് നടത്താൻ കഴിയുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
വന്ദേ ഭാരത്
ഒരു ട്രെയിനിന് ചെലവ് 97 കോടി
പൂർണ്ണമായും ശീതീകരിച്ച കോച്ചുകൾ
ഓട്ടോമാറ്റിക് ഡോറുകൾ, സ്റ്റെപ്പുകൾ
കോച്ചുകളിൽ വൈഫൈ, ജി.പി.എസ്
ബയോ വാക്വം ടോയ്‌ലെറ്റ്
ടിക്കറ്റ് നിരക്ക് ഉയരും
തിരുവനന്തപുരത്തുനിന്ന് കണ്ണൂർ വരെ ഏകദേശം 1345 രൂപ ചെയർ കാറിനും ,2238 രൂപ എക്സിക്യൂട്ടീവ് കോച്ചിനും ടിക്കറ്റ് ചാർജ് വന്നേക്കും. 320 രൂപ കാറ്ററിംഗ് ചാർജ് ഉൾപ്പെടെയാണിത്. എറണാകുളം വരെ 605,1144 രൂപ, കോഴിക്കോട് വരെ 1130, 2138 രൂപ നിരക്ക് വന്നേക്കും.
എറണാകുളത്ത് എത്താൻ രണ്ടര മണിക്കൂർ
നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന വേഗതയേറിയ ട്രെയിൻ ജനശതാബ്ദിയാണ്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി 3.17മണിക്കൂറിലും കോട്ടയം വഴി 4.10മണിക്കൂറിലും എറണാകുളത്തെത്തും. ശരാശരി 70കിലോമീറ്റർ വേഗത്തിലാണ് ജനശതാബ്ദി പോകുന്നത്. എന്നാൽ വന്ദേഭാരത് 90കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തും. അതായത് തിരുവനന്തപുരത്തുനിന്ന് രണ്ടര മണിക്കൂർ കൊണ്ട് എറണാകുളത്തെത്തും. അഞ്ച് മണിക്കൂറിൽ കോഴിക്കോട്ടും ആറുമണിക്കൂറിൽ കണ്ണൂരിലുമെത്തും.ഇപ്പോൾ രാജധാനിയാണ് (7.57മണിക്കൂർ) ഏറ്റവും വേഗത്തിൽ കണ്ണൂരിലെത്തുന്നത്.