സമാന്തര ഫോൺ എക്സ്ചേഞ്ച് : മുഖ്യപ്രതിക്ക് മുൻകൂർ ജാമ്യം ഇല്ല
കൊച്ചി: കോഴിക്കോട്ട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയ കേസിൽ ഒളിവിൽ കഴിയുന്ന മുഖ്യപ്രതി മലപ്പുറം സ്വദേശി നിയാസ് കുട്ടശേരിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട ആറു കേസുകളിൽ നിയാസിന്റെ മുൻകൂർ ജാമ്യഹർജികൾ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്താണ് തള്ളിയത്.
രാജ്യസുരക്ഷയേയും സാമ്പത്തിക ഭദ്രതയേയും ബാധിക്കുന്ന കുറ്റകൃത്യമായതിനാൽ കേസ് എൻ.ഐ.എയ്‌ക്ക് വിടാൻ ശുപാർശ ചെയ്തെന്നും പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്നും വ്യക്തമാക്കി ജാമ്യാപേക്ഷകളെ പബ്ളിക് പ്രോസിക്യൂട്ടർ എതിർത്തു.
ഭീകരപ്രവർത്തനവും മനുഷ്യക്കടത്തും വ്യാപകമായ സിറിയ, യെമൻ, ജോർദാൻ, പാലസ്തീൻ, തുർക്കി, നൈജീരിയ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് കോൾ റൂട്ടുകൾ കൈമാറിയെന്നും 46.23 കോടിയുടെ സാമ്പത്തിക ഇടപാടുകൾ പ്രതികൾ നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അനധികൃത ടെലിഫോൺ എക്‌സ്ചേഞ്ചുകളുടെ മറവിൽ വൻതോതിൽ ഹവാല പണമിടപാടുകൾ നടന്നിട്ടുണ്ട്. അനധികൃത കോൾ റൂട്ടുകളിലൂടെ ചൈന സ്കൈലൈൻ കമ്പനിക്ക് ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ പ്രവേശിക്കാൻ അവസരം നൽകി. ഇത് ദേശസുരക്ഷയ്‌ക്ക് വിരുദ്ധമാണ്. നിയാസ് ഹവാല ഇടപാടുകളുടെ കേന്ദ്രബിന്ദു ആയിരുന്നെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.
നിയാസടക്കമുള്ള പ്രതികൾ രാജ്യത്തെ നിയമം ലംഘിച്ചെന്ന് ഹൈക്കോടതി പറഞ്ഞു. ആസൂത്രണം ചെയ്ത് നടപ്പാക്കിയ കുറ്റകൃത്യമാണെന്ന് തെളിവുകളും സാഹചര്യങ്ങളും പ്രഥമദൃഷ്ട്യാ വ്യക്തമാക്കുന്നു. സാമ്പത്തിക ഇടപാടുകൾ കണ്ടെത്താൻ പ്രതിയുടെ പാസ്‌വേഡുകൾ അറിയണം. ഇതിനായി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും വിലയിരുത്തിയാണ് ഹർജികൾ തള്ളിയത്.