നീണ്ടകരയിൽ 1500 കിലോയുടെ തിരണ്ടി കുടുങ്ങി

Saturday 15 April 2023 1:12 AM IST

കൊല്ലം: നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളത്തിലെ വലയിൽ 1500 കിലോ തൂക്കമുള്ള തിരണ്ടി കുടുങ്ങി. തിരുവനന്തപുരം പൊഴിയൂർ സ്വദേശി മാറ്റസിന്റെ വേളാങ്കണ്ണി മാത വള്ളത്തിനാണ് തിരണ്ടിയെ ലഭിച്ചത്.

നീണ്ടകര ഹാർബറിലെ ലേലത്തിൽ 2,7000 രൂപയ്ക്ക് ശക്തികുളങ്ങര സ്വദേശി ബാബു തിരണ്ടി സ്വന്തമാക്കി. ഇതിനെ തൂത്തുക്കുടിയിലെ മത്സ്യസംസ്കരണ യൂണിറ്റിന് കൈമാറും.

വള്ളത്തിലെ ഒഴുക്കുവല തിരിച്ച് വലിച്ചപ്പോൾ പതിവിനേക്കാൾ ഭാരമുണ്ടായിരുന്നു. കൂടുതൽ അടുപ്പിച്ചപ്പോഴാണ് തിരണ്ടിയാണെന്ന് സ്ഥിരീകരിച്ചത്. വള്ളത്തിൽ കയറ്റാൻ കഴിയാത്തതിനാൽ ഇന്നലെ വൈകിട്ട് നാലോടെ പ്ലാസ്റ്റിക് വടം ഉപയോഗിച്ച് കെട്ടിവലിച്ചാണ് തീരത്ത് കൊണ്ടുവന്നത്. പിന്നീട് ക്രെയിനുപയോഗിച്ച് ഉയർത്തി കരയ്ക്കെത്തിച്ചു. സമീപഭാവിയിൽ ആദ്യമായാണ് നീണ്ടകരയിൽ ഇത്രയും വലിയ തിരണ്ടിയെ ലഭിക്കുന്നത്. മുന്നിൽ കൊമ്പുകളുള്ള ആന തിരണ്ടി ഇനത്തിൽപ്പെട്ടതിനെയാണ് ലഭിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു.