ഖാദി തൊഴിലാളികൾക്ക് വിഷുവിനും പാതി പട്ടിണി, മിനിമം കൂലിയില്ല

Saturday 15 April 2023 1:17 AM IST

തൃശൂർ: വിഷുവിന് ഒരു ദിവസമുള്ളപ്പോഴും സംസ്ഥാനത്തെ ഖാദി തൊഴിലാളികൾക്ക് മിനിമം കൂലി നൽകുന്നില്ലെന്ന് പരാതി. പതിനാല് മാസമായി മിനിമം കൂലിയും ഡി.എയും മൂന്ന് വർഷമായി യാൺ ഇൻസെന്റീവും കുടിശ്ശികയാണ്. തൊഴിലാളി സമരത്തെ തുടർന്ന് 20.61 കോടി അനുവദിച്ചെന്നും ഉടൻ നൽകുമെന്നും മാർച്ചിൽ തൊഴിൽമന്ത്രി ഉറപ്പുനൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. പ്രതിഫലം കിട്ടാതായതോടെ 95 ശതമാനവും സ്ത്രീ തൊഴിലാളികളുള്ള ഖാദി നൂൽപ്പ്, നെയ്ത്ത് മേഖലയിൽ പ്രതിസന്ധി രൂക്ഷമാണ്. ഖാദി ബോർഡ്, സർവോദയ സംഘം, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷൻ, ഗാന്ധി സ്മാരകനിധി തുടങ്ങിയ സംഘങ്ങൾക്ക് കീഴിലാണ് തൊഴിലാളികളുള്ളത്. പ്രതിദിനം 104 രൂപ ഡി.എ നൽകേണ്ടത് സർക്കാരാണ്. കൂടാതെ ഒരു കഴി നൂൽ നൂൽക്കുമ്പോഴും നാല് മീറ്റർ നെയ്യുമ്പോഴുമുള്ള 14.90 രൂപ മിനിമം കൂലി സ്ഥാപനവും സർക്കാരും ചേർന്ന് നൽകണമെന്നാണ് തൊഴിൽവ്യവസ്ഥ. സർക്കാർ ആനുകൂല്യമടക്കം പ്രതിദിനം 461 രൂപ ലഭിക്കേണ്ടിടത്ത് ഇപ്പോൾ കിട്ടുന്നത് സ്ഥാപനവിഹിതമായ 180 രൂപ മാത്രമാണ്. അതിൽനിന്ന് വെൽഫെയർ ഫണ്ടും മറ്റും കിഴിച്ച് 150 രൂപയാകും ലഭിക്കുക. കൂടാതെ​ നൂൽപ്പുകാർക്ക് പ്രതിദിനം 24 കഴിയും നെയ്ത്തുകാർക്ക് നാല് മീറ്ററും ടാർജറ്റ് നിശ്ചയിച്ചിട്ടുണ്ട്. ടാർജറ്റ് തികച്ചെങ്കിൽ മാത്രമേ മതിയായ കൂലി ലഭിക്കൂ.

 യേൺ ഇൻസെന്റീവ്

(ഒരു കഴിക്ക്)

നൂൽപ്പിന് - 60 പൈസ നെയ്ത്തിന്- 1.80

 സംസ്ഥാനത്ത് തൊഴിലാളികൾ - 14,000

 ഒരു തൊഴിലാളിക്ക് കുടിശ്ശിക- 35,000 മുതൽ 70,000 വരെ

 തൊഴിലാളികളെ പറ്റിച്ചതിനെതിരെ 17 മുതൽ തൃശൂർ ഖാദി ബോർഡിന് മുന്നിൽ നിരാഹാരം നടത്തും.ജോസഫ് പെരുമ്പിള്ളി (ഖാദി വർക്കേഴ്‌സ് കോൺഗ്രസ്)