ഇലന്തൂർ പടയണി

Monday 17 April 2023 12:45 AM IST

പത്തനംതിട്ട : തെക്കൻ ശൈലിയിൽ പടയണി നടക്കുന്ന കരകളിൽ ഒന്നാണ് ഇലന്തൂർ. ചുവടുകളിലും പാട്ടിലും ചടുലതയും മേളക്കൊഴുപ്പുമുള്ള പടയണി ആണ് ഇവിടെ നടക്കുന്നത്. വ്യത്യസ്തമായ കോലങ്ങൾ കളത്തിൽ വരുന്ന പടയണി കരകളിലൊന്നാണ് ഇലന്തൂർ. രൗദ്രഭാവത്തിലും ലാസ്യ ഭാവത്തിലുമുള്ള നിരവധി കോലങ്ങളാൽ സമ്പന്നമാണിവിടം. വ്യത്യസ്തതലങ്ങളിൽ തുള്ളുന്ന യക്ഷിക്കോലങ്ങളുടെ നീണ്ട നിരതന്നെ ഇലന്തൂരിൽ ദർശിക്കാവുന്നതാണ്. ഇലന്തൂരിലെ പടയണി കാലത്തിന്റെ ഏറ്റവും വലിയ സൗന്ദര്യമെന്നത് കൂട്ടായ്മയുടെ ഫലമായി ഉണ്ടാകുന്ന കൂട്ടക്കോലങ്ങളാണ്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഇലന്തൂർ പടയണിയുടെ ജീവതാളവും ഇതാകുന്നു. കുംഭമാസത്തിലെ ഭരണിക്ക് ചൂട്ടുവച്ച് മകയിരത്തിന് കൊടിയേറി എട്ടാംദിവസം വല്യപടയണിയോടെയാണ് ഇലന്തൂർ പടയണി സമാപിക്കുന്നത്.