വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി, പ്രധാന കടമ്പ കടന്നു, പ്രതീക്ഷയോടെ ശബരി വിമാനത്താവളം

Monday 17 April 2023 2:34 AM IST

കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിയിലെ പ്രധാന കടമ്പയായ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ വിമാനത്താവളം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷകൾക്കും ടേക്ക് ഓഫ് ആകുന്നു. വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റും പരിസരവും അനുയോജ്യമെന്ന വിവിധ പരിശോധനാ റിപ്പോർട്ടുകൾ അംഗീകരിച്ചാണ് വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് നൽകിയത്.

ചെറുവള്ളി എസ്റ്റേറ്റ് അടക്കം എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ നിന്നായി 2,570 ഏക്കർ സ്ഥലം വിമാനത്താവളത്തിനു വേണ്ടി ഏറ്റെടുക്കാൻ കഴിഞ്ഞ ഡിസംബർ 31ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിൽ എസ്റ്റേറ്റിന് പുറത്തുള്ള 307 ഏക്കർ സ്വകാര്യ ഭൂമിയുടെ സാമൂഹികാഘാത പഠനം ജൂണിൽ പൂർത്തിയാകും. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ മാതൃകയിൽ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന ഗ്രീൻ ഫീൽഡ് എയർപോർട്ടിന്റെ റൺവേയ്ക്കും മറ്റുമാണ് എസ്റ്റേറ്റിന് പുറത്തുനിന്നുള്ള ഭൂമി ഏറ്റെടുക്കുന്നത്. സൈറ്റ് ക്ലിയറൻസ് ലഭിച്ചതോടെ ഇനി പരിസ്ഥിതി മന്ത്രാലയം, ധനകാര്യമന്ത്രാലയം എന്നിവയുടെ അംഗീകാരത്തിന് അപേക്ഷിക്കാം.

ഇനിയുള്ള നടപടികൾ

 പാരിസ്ഥിതിക,​ സാമൂഹിക,​സാങ്കേതിക,​ സാമ്പത്തിക ആഘാത പഠനം

 വിശദ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കണം

 സിയാൽ, കിയാൽ മോഡൽ കമ്പനി രജിസ്റ്റർ ചെയ്യണം

 നിക്ഷേപ സമാഹരണം, ടെൻഡർ വിളിച്ച് നിർമ്മാണം

നിയമക്കുരുക്ക്

എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൈവശക്കാരായ ബിലീവേഴ്സ് ചർച്ചും സർക്കാരും തമ്മിലുള്ള കേസ് പാലാ കോടതിയിൽ തുടരുകയാണ്. ഭൂമിയുടെ കരം അടയ്ക്കാനുള്ള അനുവാദം ഹൈക്കോടതി ഉത്തരവിലൂടെ ബിലീവേഴ്സ് ചർച്ച് നേടിയിട്ടുണ്ട്. സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികൾ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.

 3,500 മീറ്റർ റൺവേ

 2,570 ഏക്കർ സ്ഥലം

പ്രയോജനമേറെ

ശബരിമല തീ‍ർത്ഥാടകർക്ക് ഏറെ പ്രയോജനം. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലേയ്ക്ക് യാത്ര എളുപ്പം. തീർത്ഥാടന ടൂറിസത്തിനും സുഗന്ധവ്യഞ്ജന കയറ്റുമതിയ്ക്കും സാദ്ധ്യത.

'' പദ്ധതിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന്റെ നിർണായക അനുമതിയാണ് ലഭിച്ചത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയാണ് ഇനി ഏറ്റവും പ്രധാനം.

-ആന്റോ ആന്റണി, എം.പി