അപകടത്തിൽ മരിച്ച വൃദ്ധയുടെ മാല കവർന്നു, യുവാവ് പിടിയിൽ

Monday 17 April 2023 4:02 AM IST

തൃപ്രയാർ: കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പാറുക്കുട്ടിയുടെ മൂന്നു പവന്റെ മാല കവർന്ന യുവാവിനെ നാട്ടുകാർ കൈയോടെ പിടികൂടി പൊലീസിലേൽപ്പിച്ചു. ഓട്ടോ ഡ്രൈവർ കൂടിയായ കാഞ്ഞാണി അമ്പലക്കാട് പട്ടാടത്ത് ബാബുവാണ് (40) പിടിയിലായത്. അപകട സമയത്ത് സ്‌കൂട്ടറിൽ അതുവഴി വന്ന ബാബു രക്ഷാപ്രവർത്തനത്തിനിറങ്ങി. കാറിനുള്ളിൽ ഊരി വീണ മാല ബാബു എടുത്ത് അരയിൽ ഒളിപ്പിച്ചു. ഇത് ശ്രദ്ധയിൽപെട്ട മറ്റ് രക്ഷാപ്രവർത്തകർ ഇയാളെ തടഞ്ഞുവച്ചു. മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും വലപ്പാട് പൊലീസ് നടത്തിയ പരിശോധനയിൽ അരയിൽ രക്തം പുരണ്ട കടലാസിൽ ഒളിപ്പിച്ച നിലയിൽ മാല കണ്ടെടുക്കുകയായിരുന്നു.