വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ട്രയൽ റൺ ആരംഭിച്ചു; കണ്ണൂരിൽ എത്തിച്ചേരുന്ന സമയം ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിന് പുതുതായി അനുവദിച്ച വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നും പുലർച്ചെ 5.10ഓടെയാണ് പരീക്ഷണയോട്ടം തുടങ്ങിയത്. എട്ട് സ്‌റ്റോപ്പുകൾ പിന്നിട്ട് 12.10ഓടെ കണ്ണൂരിൽ എത്തിച്ചേരാനാണ് ലോക്കോ പൈലറ്റുമാർക്ക് ദക്ഷിണ റെയിൽവെ നൽകിയിരിക്കുന്ന നിർദ്ദേശം. ആകെ ഏഴ് മണിക്കൂറാണ് ഇതിനായെടുക്കുക.
കണ്ണൂരിൽ എത്തിയശേഷം 12.20ഓടെ തിരികെ തിരുവനന്തപുരത്തേക്ക് പുറപ്പെടും. ഏഴ് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തെത്തും. ട്രെയിനിന്റെ സ്‌റ്റോപ്പുകൾ, ഷെഡ്യൂൾ, നിരക്ക് എന്നിങ്ങനെ കാര്യങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. ഈമാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളസന്ദർശനത്തിനിടെ ഫ്ളാഗ് ഓഫ് ചെയ്‌ത് കേരളത്തിന്റെ ആദ്യത്തേതും ദക്ഷിണേന്ത്യയിൽ മൂന്നാമത്തേതുമായ വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
ദക്ഷിണ റെയിൽവെ മാനേജറുടെ നേതൃത്വത്തിൽ വിലയിരുത്തലിന് ശേഷമാണ് വന്ദേ ഭാരത് ട്രെയിനുകൾ കഴിഞ്ഞദിവസം കേരളത്തിലേക്ക് എത്തിച്ചത്. നിലവിൽ പരമാവധി 90 കിലോമീറ്റർ വേഗതയിലാണ് ട്രയൽ റൺ നടക്കുന്നത്. ഓടിത്തുടങ്ങുമ്പോൾ ദിവസവും ഒരു സർവ്വീസാണ് നടത്തുകയെന്നാണ് സൂചനകൾ.
രാവിലെ തിരുവനന്തപുരത്ത് നിന്നും ജനശതാബ്ദിയുടെ സമയമാണ് വന്ദേ ഭാരതിനായി പരിഗണിക്കുന്നതെന്നാണ് അറിയുന്നത്.ഉയർന്ന വേഗം മണിക്കൂറിൽ 180 കിലോമീറ്ററാണെങ്കിലും, കുറഞ്ഞ വേഗതയായ മണിക്കൂറിൽ 110 കിലോമീറ്ററിൽ സർവീസ് നടത്താൻ ട്രാക്കുകൾ ബലപ്പെടുത്തുന്ന ജോലികൾ നടക്കുകയാണ്. നാല് വന്ദേഭാരത് ട്രെയിനുകളാണ് പുതുതായി തുടങ്ങുന്നത്. ഇതിൽ രണ്ടെണ്ണം അടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകത്തിലൂടിയുള്ളതാണ്.