സംസ്ഥാനത്തെ പല പമ്പുകളിലും പതിവില്ലാതെ ചില മിനിലോറികളെത്തും, ഫുൾ ടാങ്ക് ഡീസൽ അടിച്ച് മടങ്ങുന്ന അവർക്കൊരു ഉദ്ദേശ്യമുണ്ട്

Tuesday 18 April 2023 11:20 AM IST

തിരുവനന്തപുരം: വഴിയിൽ വണ്ടിയിലെ ഇന്ധനം തീർന്നാൽ ബോട്ടിലുമായി പമ്പിലെത്തി പെട്രോൾ ചോദിച്ചാൽ കിട്ടില്ല. പൊരി വെയിലത്ത് വണ്ടിയുന്തി പമ്പിലെത്തണം. എലത്തൂർ ട്രെയിൻ തീവയ്പ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ പെസോയുടെ (പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്ടി ഓർഗനൈസേഷൻ) വിലക്ക് കാരണമാണ് പെട്രോളും ഡീസലും ബോട്ടിലിൽ കൊടുക്കുന്നത് പമ്പുടമകൾ അവസാനിപ്പിച്ചത്. ഈ വിലക്കോടെ കൃഷിയുമായി ബന്ധപ്പെട്ടും കെട്ടിട നിർമ്മാണ പ്രവൃത്തികൾക്കും പെട്രോളും ഡീസലും കിട്ടിത്ത അവസ്ഥയായി.

വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറിലും കോൺക്രീറ്റ് മിക്സ് ചെയ്യുന്ന മൊബൈൽ യൂണിറ്റുകളിലും ജനറേറ്ററിലും പെട്രോളോ ഡീസലോ ആവശ്യമാണ്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ സ്റ്റൗ കത്തിക്കുന്നതും ഡീസൽ ഉപയോഗിച്ചാണ്. റേഷൻ മണ്ണെണ്ണ കിട്ടാതായതോടെ വീടുകളിൽ മാലിന്യം കത്തിക്കുന്നതിനുവരെ ഡീസൽ വാങ്ങുന്നവരുണ്ട്.

സദുദ്ദേശ്യത്തോടെയുളള വിലക്കാണെങ്കിലും പ്രയോഗികമല്ലെന്നുള്ളതാണ് വസ്തുത. ഇന്ധനത്തിന്റെ ആവശ്യം ആധാർ നമ്പർ ഉൾപ്പെടെ എഴുതി വാങ്ങി ബോട്ടിലിൽ നൽകുന്ന മാർഗം സ്വീകരിച്ചാൽ പരിഹാരമാവുമെന്നും വാദമുണ്ട്.

വണ്ടിയിലെ ടാങ്കിൽ നിന്ന് ഊറ്റിയാൽ കുഴപ്പമുണ്ടോ?

ഇന്ധനം കിട്ടാതെ കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റുകൾ നിശ്ചലമായപ്പോൾ, തൊഴിലാളികൾ കുറുക്കുവഴി കണ്ടെത്തി. മിനിലോറിയുമായി പമ്പിലെത്തി ഫുൾ ടാങ്ക് ഡീസലടിച്ചു. തിരിച്ച് പണി സ്ഥലത്തെത്തി ലോറിയിലെ ടാങ്കിൽ നിന്നു ഡീസൽ എടുത്ത് മിക്സിംഗ് യൂണിറ്റിൽ നിറച്ചു.

ഗ്യാസിനും വിലക്ക്

പാചകവാതക സിലിണ്ടർ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്‌സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ അനുവദിക്കില്ല. എൽ.പി. ജി സിലിണ്ടറുകൾ സ്വന്തം വാഹനത്തിൽ കൊണ്ടുപോയാൽ പോലും നടപടിയുണ്ടാകാം.

''ബോട്ടിലുമായി എത്തി പലരും പെട്രോളിനു വേണ്ടി യാചിക്കുകയാണ്. പക്ഷെ, നൽകാൻ നിർവാഹമില്ല. സർക്കാർ ഇടപെട്ട് പരിഹാരമുണ്ടാക്കണം''

-ഡോ. അരുൺകുമാർ,

പെട്രോൾ പമ്പ് ഉടമ,

തിരുവനന്തപുരം