ഡാമുകളിൽ ജലം 39%മാത്രം, ആശങ്കയിൽ കെ.എസ്.ഇ.ബി

Wednesday 19 April 2023 12:08 AM IST

 പ്രതിദിന ഉപഭോഗം വീണ്ടും 100 ദശലക്ഷം യൂണിറ്റ് കടന്നു

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്തെ ജലവൈദ്യുത സംഭരണികളിൽ വെള്ളം കുറഞ്ഞു. വൈദ്യുതി ഉത്പാദനത്തിന് കെ.എസ്.ഇ.ബിക്ക് കീഴിലുള്ള ഡാമുകളിൽ അവശേഷിക്കുന്നത് 39 ശതമാനം ജലംമാത്രം. ഇടുക്കിയിൽ 35 ശതമാനം. ഇതോടെ പുറമെ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് കെ.എസ്.ഇ.ബി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാംദിവസവും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. 100.35 ദശലക്ഷം യൂണിറ്റായിരുന്നു തിങ്കളാഴ്ചത്തെ ഉപഭോഗം. കഴിഞ്ഞ 13നും 100 പിന്നിട്ടിരുന്നു.

ഉത്പാദനം പീക്ക് അവറുകളിൽ വർദ്ധിപ്പിച്ചും പുറത്തുനിന്ന് വാങ്ങിയുമാണ് കെ.എസ്.ഇ.ബി നിലവിൽ തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യുന്നത്. ഇടുക്കിയിൽ 14.01 ദശലക്ഷം യൂണിറ്റും ശബരിഗിരിയിൽ 5.7ഉം അടക്കം ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള പ്രതിദിന ഉത്പാദനം 28.638 ദശലക്ഷം യൂണിറ്റാണ്. ശേഷിക്കുന്ന 72 ദശലക്ഷം യൂണിറ്റ് കേന്ദ്ര ഗ്രിഡിൽ നിന്നും ദീർഘ, ഹ്രസ്വകാല കരാറുകളുടേയും അടിസ്ഥാനത്തിൽ പുറമെ നിന്ന് കൊണ്ടുവരികയാണ്.

പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യതയ്ക്ക് കുറവില്ല. പവർ എക്സ്‌ചേഞ്ചിൽനിന്ന് വൈദ്യുതി ലഭിക്കുന്നുണ്ട്. യൂണിറ്റിന് 10 രൂപയ്ക്ക് മുകളിൽ വൈദ്യുതി വാങ്ങേണ്ട അവസ്ഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. പ്രതിദിന ഉപയോഗം വരുംദിവസങ്ങളിൽ 104 ദശലക്ഷം യൂണിറ്റ് വരെയെത്തുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടൽ. തുടർന്നും മഴ ലഭിച്ചില്ലെങ്കിൽ ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരും. രാജ്യവ്യാപകമായുള്ള കൽക്കരി ക്ഷാമവും ഇറക്കുമതി ചെയ്ത വിലകൂടിയ കൽക്കരി കൂടുതലായി ഉപയോഗിക്കണം എന്ന നിർദ്ദേശവും കാരണം താപവൈദ്യുതിക്ക് വില വളരെ കൂടുതലാണ്.

അപ്രഖ്യാപിത കട്ട്?

രാത്രി 8.30 മുതൽ 11.30വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം. ഇൗ സമയത്ത് ചിലയിടങ്ങളിൽ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുന്നതായി ആക്ഷേപമുണ്ട്. എന്നാൽ കെ.എസ്.ഇ.ബി ഇത് നിഷേധിക്കുന്നു.

ഇസ്തിരിപ്പെട്ടി, വാട്ടർ പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ കുക്കർ തുടങ്ങി വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകിട്ട് 6 മുതൽ 11 വരെ ഉപയോഗിക്കാതിരുന്നാൽ തത്കാലം പ്രതിസന്ധി നേരിടാൻ കഴിയുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. രാത്രികാലങ്ങളിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാതെ സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.

Advertisement
Advertisement