കിഴക്കേകോട്ടയിൽ തീപിടിത്തം, ഒഴിവായത് വൻ ദുരന്തം
ബസ് സ്റ്റാൻഡിലെ അഞ്ച് കടകൾ കത്തി നശിച്ചു
തിരുവനന്തപുരം: നഗരത്തിൽ ഏറെ ജനത്തിരക്കുള്ള കിഴക്കേകോട്ടയിൽ ട്രാൻസ്‌പോർട്ട് ബസ് സ്റ്റാൻഡിലെ അഞ്ച് കടകൾ പട്ടാപ്പകൽ കത്തി നശിക്കാനിടയായ തീപിടിത്തം ഒന്നരമണിക്കൂറിനുള്ളിൽ കെടുത്താനായതിലൂടെ ഒഴിവായത് വൻദുരന്തം. നിരനിരയായി ഏറെ കടകളുള്ള ഇവിടെ മറ്റിടങ്ങളിലേക്ക് തീപടരാതെ തടയാനായത് ചെങ്കൽചൂള, ചാക്ക എന്നിവിടങ്ങളിലെ പത്ത് ഫയർഫോഴ്സ് യൂണിറ്റുകളുടെ പരിശ്രമഫലമായാണ്. ആളപായമില്ല.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു തീപിടിത്തം. ബസ് സ്റ്റാൻഡിലേക്ക് തീപടരുന്നതും ഒഴിവാക്കാനായി. നൂറുകണക്കിനുപേർ ആ സമയം ബസ് കാത്ത് സ്റ്രാൻഡിലുണ്ടായിരുന്നു. അഞ്ച് കടകൾ കത്തി നശിച്ചതിലൂടെ 30 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി.
അതീവ സുരക്ഷാമേഖലയായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിലെ കോട്ടമതിലിന് സമീപത്തെ കെ.എസ്.ആർ.ടി.സി നോർത്ത് ബസ് സ്റ്റാൻഡിലെ കടകളാണ് കത്തി നശിച്ചത്. കോട്ടമതിലിന് ചേർന്നുള്ള റാസിയുടെ ഉടമസ്ഥതയിലുള്ള ചോക്ളേറ്റ് എന്ന ടീ സ്റ്റാളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തതിന് ഇടയാക്കിയത്. ഗ്യാസ് ലീക്കായതാണ് കാരണം. റാസിയുടെ തന്നെ ബേക്കറി ആൻഡ് ഫ്രഷ് ജ്യൂസ് സ്റ്റാൾ, സമീപത്തെ പഴഞ്ചിറ സ്വദേശി മാഹിന്റെ സെൽഫോൺ, അമ്പലത്തറ സ്വദേശി നൗഫലിന്റെ മൊബൈൽ ജംഗ്ഷൻ എന്നീ മൊബൈൽ ഷോപ്പുകൾ, ആലിഫിന്റെ എച്ച്.എസ് ലോട്ടറിക്കട എന്നിവയിലേക്കും തീ പടർന്നു. കടകളിലുണ്ടായിരുന്ന സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.
സ്ഫോടന ശബ്ദവും തീപടരുന്നതും കണ്ട് കടകളിലെ ജീവനക്കാരും സാധനങ്ങൾ വാങ്ങാനെത്തിയവരും പുറത്തേക്കോടിയതിനാൽ വൻഅപകടം ഒഴിവായി. ഫയർ ഫോഴ്സ് യൂണിറ്റുകൾ തീ നിയന്ത്രണ വിധേയമാക്കുന്നതിനൊപ്പം മറ്റിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. സംഭവത്തിൽ ഫയർഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, പൊലീസ് എന്നിവ പ്രത്യേകം അന്വേഷണം തുടങ്ങി.
എല്ലാവരും പുറത്തേക്കോടി
ടീ സ്റ്റാളിലെ മുഴുവൻ സാധനങ്ങളും ചാമ്പലായി. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ ചായകുടിക്കാനെത്തിയവർക്കൊപ്പം പുറത്തേക്കോടിയ കടയുടമ റാസിയും എട്ടുതൊഴിലാളികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ടീ സ്റ്റാളിന് ഇരുവശവുമുള്ള ജ്യൂസ് കടയിലേക്കും ലോട്ടറിക്കടയിലേക്കും അതിവേഗമാണ് തീ പടർന്നത്. ലോട്ടറി ടിക്കറ്റുകൾ, കളക്ഷൻ തുക, ഫർണിച്ചർ ഉൾപ്പെടെ ലോട്ടറിക്കടയിൽ എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. ജ്യൂസ് കടയിൽ ജ്യൂസ് മിക്സർ, ഫ്രിഡ്ജ് ഉൾപ്പെടെ നശിച്ചു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം. മൊബൈൽ കടകളിലും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. നൗഫൽ ഭാര്യയുമായി ആശുപത്രിയിൽ പോയിരുന്നതിനാൽ മൊബൈൽ ജംഗ്ഷൻ എന്ന കട രാവിലെ തുറന്നിരുന്നില്ല. ഉച്ചയ്ക്ക് കട തുറക്കാനെത്തിയപ്പോഴാണ് തീപിടിത്തമറിയുന്നത്. ഫയർഫോഴ്സ് ഷട്ടർ വെട്ടിപ്പൊളിച്ച് തീ കെടുത്തിയെങ്കിലും ഫോണുകളടക്കം കത്തിനശിച്ചു.