കള്ളനോട്ട് നിർമ്മാണം: യുവാവ് പിടിയിൽ

Wednesday 19 April 2023 12:24 AM IST

മൂവാറ്റുപുഴ: കള്ളനോട്ട് നിർമ്മാണം നടത്തിയ കേസിൽ യുവാവ് പൊലീസ് പിടിയിൽ. കോതമംഗലം പുതുപ്പാടി കുരുപ്പാത്തടത്തിൽവീട്ടിൽ പ്രവീൺ ഷാജിയെയാണ് (24) മൂവാറ്റുപുഴ പൊലീസ് ഇന്നലെ വൈകിട്ട് പിടികൂടിയത്. ഇയാളിൽനിന്ന് 500ന്റെ രണ്ടും 200ന്റെ നാലും 50 രൂപയുടെ മൂന്നും കള്ളനോട്ടുകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

പ്രവീൺ ഷാജിയുടെ പേഴയ്ക്കാപ്പിള്ളിയിലെ എസ് വളവിൽ പെട്രോൾപമ്പിന് സമീപം പ്രവർത്തിക്കുന്ന പ്രണവ് ഓട്ടോ ഇലക്ട്രിക് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് നോട്ട് അച്ചടിക്കാനുപയോഗിക്കുന്ന യന്ത്രവും അനുബന്ധസാമഗ്രികളും കണ്ടെടുത്തത്. ഇവിടെയാണ് കള്ളനോട്ട് നിർമ്മാണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

മൂവാറ്റുപുഴ കിഴക്കേക്കരയിലെ പെട്രോൾപമ്പിൽ കഴിഞ്ഞദിവസം ലഭിച്ച 500 രൂപയുടെ ഒരുനോട്ട് കള്ളനോട്ട് ആണോ എന്ന സംശയം പമ്പുടമ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് പമ്പിൽ വന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോട്ട് നൽകി പെട്രോളടിച്ചത് പ്രവീണാണെന്ന് കണ്ടെത്തിയത്. തുടർന്ന് അന്വേഷണം ശക്തമാക്കുകയായിരുന്നു.