കാത്സ്യം കാർബൈഡിൽ പഴുപ്പിച്ച 50 കിലോ മാങ്ങ പിടിച്ചെടുത്തു

Wednesday 19 April 2023 1:41 AM IST

കൊല്ലം: കൊല്ലം - തിരുമംഗലം പാതയിൽ മൂന്നാംകുറ്റിയിലുള്ള ഫല വ്യാപാര സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ അതിവേഗം പഴുപ്പിക്കാൻ കാത്സ്യം കാർബൈഡ് കലർത്തിയ 50 കിലോ മാങ്ങ പിടിച്ചെടുത്തു. ആരോഗ്യ വകുപ്പിന്റെ ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി കിളികൊല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ചന്തകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ പരിശോധനയ്ക്ക് ശേഷമാണ് ആരോഗ്യ വകുപ്പ് സംഘം ഫലവ്യാപാര സ്ഥാപനത്തിലെത്തിയത്. മറ്റ് ഫലങ്ങൾ പരിശോധിച്ച ശേഷം മാങ്ങ നിറച്ച പെട്ടികളിൽ ഒന്ന് പൊട്ടിച്ച് നോക്കിയപ്പോൾ വലിയ ചൂട് അനുഭവപ്പെട്ടു. മാങ്ങകൾക്ക് മുകളിൽ എന്തോ പുരട്ടിയിട്ടുള്ളതായും കണ്ടെത്തിയതോടെ കാത്സ്യം കാർബൈഡ് ഉപയോഗിച്ചുവെന്ന് പ്രാഥമികമായി സ്ഥിരീകരിക്കുകയായിരുന്നു.

മറ്റ് നാല് പെട്ടികളും സമാനമായ അവസ്ഥയിലായിരുന്നു. ഇതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം സാമ്പിളെടുത്ത് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. കട താത്കാലികമായി സീൽ ചെയ്തു.

ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ,​ ജൂനിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആർ.എസ്.സുജിത്ത്, എം.മനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തമിഴ്നാട്ടിൽ നിന്ന് വാങ്ങിയതാണെന്നാണ് കടയുടമ ആദ്യം പറഞ്ഞത്. പിന്നീട് കൊല്ലത്ത് നിന്ന് വാങ്ങിയതാണെന്ന് തിരുത്തി. പ്രാദേശികമായി വാങ്ങിയ മാങ്ങ കുണ്ടറയിൽ നിന്ന് കാത്സ്യം കാർബൈഡ് വാങ്ങി പഴുപ്പിക്കുകയായിരുന്നുവെന്ന് കടയുടമ ഒടുവിൽ വെളിപ്പെടുത്തി. കാത്സ്യം കാർബൈഡ് ഉള്ളിൽ ചെന്നാൽ തലവേദന, തലകറക്കം, അസിഡിറ്റി, ദഹന പ്രശ്നം എന്നിവയ്ക്ക് പുറമേ ഭാവിയിൽ അന്നനാളം, വൻകുടൽ, കരൾ എന്നിവിടങ്ങളിൽ കാൻസറിനും ഇടയാക്കും.

Advertisement
Advertisement