വന്ദേഭാരതിൽ ഉന്നതരുടെ ബന്ധുക്കൾക്ക് സുഖയാത്ര, ആരും കാണാതിരിക്കാൻ ജനലുകൾ കർട്ടൻ കൊണ്ട് മറച്ചു, കള്ളി വെളിച്ചത്തായതോടെ സ്റ്റേഷനിലിറക്കി വി ഐ പി മുറിയിലാക്കി

Thursday 20 April 2023 10:11 AM IST

കാസർകോട്: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ പരീക്ഷണ ഓട്ടത്തിൽ വൻ സുരക്ഷാ വീഴ്‌ച. റെയിൽവേയിലെ ഉദ്യോഗസ്ഥർ മാത്രമേ യാത്ര ചെയ്യാകൂവെന്നിരിക്കെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളും യാത്ര ചെയ്തതാണ് വിവാദത്തിലായിരിക്കുന്നത്. യുവതിയും കൈക്കുഞ്ഞുമടക്കം ട്രെയിനിലുണ്ടായിരുന്നുവെന്നാണ് വിവരം.

എറണാകുളം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയവരിൽ ചിലർ സി 12 കോച്ചിലാണ് ഇരുന്നത്. മാദ്ധ്യമപ്രവർത്തകരടക്കമുള്ളവർ കാണാതിരിക്കാനായി കോച്ചിന്റെ ജനൽ കർട്ടൻ കൊണ്ട് മറച്ചിരിക്കുകയായിരുന്നു. ആർ പി എഫ് ഉദ്യോഗസ്ഥർ കോഴിക്കോടിറങ്ങാൻ പറഞ്ഞെങ്കിലും അവർ കേട്ടില്ല. തുടർന്ന് മാദ്ധ്യമപ്രവർത്തകരുടെ കണ്ണിൽപ്പെട്ടെന്നറിഞ്ഞതോടെ സംഘം കാസർകോട്ടിറങ്ങി. ഇവരെ വി ഐ പി മുറിയിലേക്ക് മാറ്റുകയും ചെയ്തു. ഭാവ്നഗർ - കൊച്ചുവേളി ട്രെയിനിലാണ് ഇവർ തിരിച്ചുപോയത്.

ഇതുകൂടാതെ കാസർകോടെത്തിയ വന്ദേഭാരതിന്റെ സി 1 കോച്ചിൽ കയറി രാജ്‌മോഹൻ ഉണ്ണിത്താൻ എം പി മാദ്ധ്യമപ്രവർത്തകരെ കണ്ടതും വിവാദത്തിലായിരിക്കുകയാണ്. പത്ത് മിനിട്ടോളമാണ് മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ചത്. ബി ജെ പിയുടെ തറവാട് സ്വത്തല്ല വന്ദേഭാരതെന്നും, ഒരു സുപ്രഭാതത്തിൽ പ്രഖ്യാപിച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്നുമായിരുന്നു എം പി പറഞ്ഞത്. അദ്ദേഹത്തിനോടൊപ്പം എം എൽ എമാരായ എൻ ഐ നെല്ലിക്കുന്ന്, എ കെ എം അഷറഷ് എന്നിവരുമുണ്ടായിരുന്നു. ഇന്നലെ നടന്ന രണ്ടാം ട്രയലിൽ വന്ദേഭാരത് ട്രെയിൻ 17 മിനിട്ട് നേരത്തേ കണ്ണൂരിലെത്തിയിരുന്നു. ആറ് മണിക്കൂർ 53 മിനിട്ടാണ് എടുത്ത സമയം. ആദ്യ ട്രയലിൽ ഇത് 7.10 മണിക്കൂറായിരുന്നു. ബുധനാഴ്ച രാവിലെ 5.20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് തിരിച്ച് ഉച്ചയ്ക്ക് 1.10ന് കാസർകോട്ടെത്തി. രണ്ടാം ട്രയലിൽ തിരൂരിൽ നിറുത്തിയിരുന്നില്ല.